കോവിഡ് നിയന്ത്രണം നീക്കുന്നു
text_fieldsമനാമ: ചൊവ്വാഴ്ച മുതൽ ബഹ്റൈൻ കോവിഡ്-19 നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ഗ്രീൻ അലർട്ട് ലെവലിലേക്ക് മാറുകയും ചെയ്യും. എല്ലാ ഇൻഡോർ സൗകര്യങ്ങളും നൂറുശതമാനം ശേഷിയിലേക്ക് മടങ്ങും. കൂടാതെ ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റാറന്റുകൾ, കഫേകൾ, സർക്കാർ കേന്ദ്രങ്ങൾ, ജിമ്മുകൾ, സിനിമശാലകൾ, സലൂണുകൾ എന്നിവയിൽ പ്രവേശിക്കുന്നതിന് സ്വദേശികൾക്കും വിദേശികൾക്കും ഇനി ബി അവെയ്ർ ആപ്പിൽ ഗ്രീൻ ഷീൽഡ് കാണിക്കേണ്ടതില്ല. സ്ഥാപനങ്ങളിൽ പ്രവേശിക്കുമ്പോൾ മാസ്ക് നിർബന്ധമാണ്. കോവിഡ് -19 ഗ്രീൻ ലെവലിലേക്ക് പ്രവേശിക്കാനുള്ള തീരുമാനം സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകരിച്ചു. ദേശീയ വാക്സിനേഷൻ കാമ്പയിൻ വിജയിച്ചതിനും ആശുപത്രിയിൽ പ്രവേശനം കുറഞ്ഞതിനും പിറകെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
14 ദിവസത്തേക്ക് തീവ്രപരിചരണത്തിൽ പോസിറ്റിവ് കേസുകളുടെ റോളിങ് ശരാശരി 50 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ, ഗ്രീൻ അലർട്ട് ലെവലിലേക്ക് മാറുന്നത് സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു. ഒമിക്രോൺ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും ലോകമെമ്പാടുമുള്ള സജീവമായ കേസുകളുടെ കുത്തനെ വർധനവും ഉണ്ടായിരുന്നിട്ടും ചികിത്സയോ ആശുപത്രിവാസമോ തീവ്രപരിചരണമോ ആവശ്യമായ കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ലെന്ന് പ്രതിരോധസമിതി കൂട്ടിച്ചേർത്തു. എല്ലാ വകഭേദങ്ങളും നേരിടാൻ രാജ്യം തയാറാണ്, കൂടാതെ എല്ലാ ആരോഗ്യ പരിരക്ഷ സൗകര്യങ്ങളുടെയും പരിശോധന, ചികിത്സ ശേഷികൾ തുടർച്ചയായി പരിപാലിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കളിസ്ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് ഹാളുകൾ, കോൺഫറൻസ് ഹാളുകൾ എന്നിവ വാക്സിനേഷൻ എടുത്തവർക്കും വാക്സിനേഷൻ എടുക്കാത്തവർക്കും തുറന്നുകൊടുക്കുകയും നൂറുശതമാനം ശേഷിയോടെ പ്രവർത്തിക്കുകയും ചെയ്യും. മസ്ജിദുകൾ ഉൾപ്പെടെ എല്ലാ ആരാധനാലയങ്ങളും നൂറുശതമാനം ശേഷിയിൽ പ്രവർത്തിക്കും. ആരാധനാലങ്ങളിലെത്തുന്നവർ ഗ്രീൻ ഷീൽഡ് സമർപ്പിക്കേണ്ടതില്ലെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രാലയം അറിയിച്ചു. അതേസമയം, രോഗലക്ഷണം കണ്ടാൽ കോവിഡ്-19 പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം കോവിഡ് പ്രതിരോധ സമിതിയിലെ മുതിർന്ന അംഗം ഡോ. ജമീല അൽ സൽമാൻ പറഞ്ഞു. പനി, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങളുള്ള ആളുകൾ ഉടൻ പരിശോധനക്ക് വിധേയരാകണമെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.