കോവിഡ് 19 : പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കർശനമായി നടപ്പാക്കും
text_fieldsമനാമ: കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അതോറിറ്റികളെ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ ചുമതലപ്പെടുത്തി. കിരീടാവകാശിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനും ജനങ്ങളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും ഏര്‍പ്പെടുത്തിയ സാമ്പത്തിക സഹായ പദ്ധതികള്‍ ഏറെ ആശ്വാസമായതായി യോഗം വിലയിരുത്തി. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധസമിതിയുടെ പ്രവര്‍ത്തനത്തില്‍ മതിപ്പ് രേഖപ്പെടുത്തി. കോവിഡ് പ്രതിരോധപ്രവര്‍ത്തന മേഖലയില്‍ ബഹ്റൈന്‍ നടത്തിയ പ്രവര്‍ത്തനം ലോക രാജ്യങ്ങള്‍ക്കിടയില്‍തന്നെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. സാമൂഹിക അകലം പാലിക്കുന്നതിലും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. ആവശ്യമായ മുന്‍കരുതലുകള്‍ വ്യക്തി തലത്തില്‍ സ്വീകരിക്കുന്നതിന് പ്രേരണനല്കാനും നിര്‍ദേശിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിച്ചതായി മന്ത്രിസഭ യോഗം വിലയിരുത്തി.
യു.എന്‍ ഇ-ഗവൺമെൻറ് റിപ്പോര്‍ട്ടില്‍ അറബ്, റീജനല്‍ തലത്തില്‍ ബഹ്റൈന്‍ രണ്ടാം സ്ഥാനം ലഭിച്ചത് നേട്ടമാണെന്ന് മന്ത്രിസഭ വിലയിരുത്തി. ഇ-ഗവൺമെൻറ് നവീകരണത്തില്‍ ഉന്നതനിലവാരമാണ് ബഹ്റൈന്‍ പുലര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സൗദിക്കുനേരെ ഹൂതി തീവ്രവാദികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തെ കാബിനറ്റ് ശക്തമായി അപലപിച്ചു. സൗദിയോടൊപ്പം ഉറച്ചു നിലകൊള്ളുമെന്നും യമനിലെ നിയമാനുസൃത ഭരണകൂടത്തിന് പിന്തുണ നല്കുന്ന സഖ്യസേനയില്‍ തുടര്‍ന്നും സഹകരണം നല്‍കുമെന്നും കാബിനറ്റ് വ്യക്തമാക്കി. പെന്ഷന് ഫണ്ടുകളുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ കാബിനറ്റ് ചര്‍ച്ചചെയ്തു.
സോഷ്യല്‍ ഇന്‍ഷുറന്‍സ് ജനറൽ അതോറിറ്റി ഇക്കാര്യത്തില്‍ മുന്നോട്ടുവെച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. കരുതല്‍ ഫണ്ടില്‍നിന്ന് 450 ദശലക്ഷം ഡോളര്‍ നടപ്പുവര്‍ഷ ബജറ്റിലെ കമ്മി പരിഹരിക്കുന്നതിനായി നീക്കിവെക്കാന്‍ തീരുമാനിച്ചു. വിവിധ പ്രദേശങ്ങളിലെ ആവശ്യങ്ങള്‍ അറിയുന്നതിന് വൈദ്യുത, ജലകാര്യ മന്ത്രി നടത്തിയ സന്ദര്‍ശന റിപ്പോര്ട്ടിന്മേല് നടപടിയെടുക്കുന്നതിന് കിരീടാവകാശി നിര്‍ദേശം നല്കി. പ്രധാനമന്ത്രിക്ക് നടത്തിയ മെഡിക്കല്‍ പരിശോധനയിലും ആരോഗ്യസ്ഥിതിയിലും യോഗം ആശ്വാസം പ്രകടിപ്പിച്ചു. കൂടുതല്‍ ആരോഗ്യവും ദീര്‍ഘായുസ്സും അദ്ദേഹത്തിന് നേരുകയും ചെയ്തു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
