കോവിഡ്-19: ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ അംബാസഡർ
text_fieldsഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഓപൺ ഹൗസിൽനിന്ന്
മനാമ: പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. ബഹ്റൈനിൽ യെല്ലോ ലെവൽ കോവിഡ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഇന്ത്യൻ സമൂഹത്തെ ഓർമിപ്പിച്ചു. ദാന മാളിലെ പുതിയ സ്ഥലത്ത് പാസ്പോർട്ട് സേവനങ്ങൾക്കുള്ള ഐ.വി.എസ് സെന്റർ വിജയകരമായി പ്രവർത്തിക്കുന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
ഇന്ത്യൻ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ വിജയകരമായി പരിഹരിക്കാൻ സഹായം നൽകിയ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ഇമിഗ്രേഷൻ അധികൃതർ, ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബുദൈയ്യ ഗുരുദ്വാര എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. രണ്ട് മാസത്തോളം ബഹ്റൈനിൽ കുടുങ്ങിക്കിടന്ന ഏഴ് മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സാധിച്ചതായും അംബാസഡർ അറിയിച്ചു.
മണി കൊമ്പൻ, ശശിധരൻ പുല്ലോട്ട്, ആർഷ് പ്രീത് കൗർ എന്നിവരുടെ യാത്രാവിലക്ക് നീക്കി ഇന്ത്യയിലേക്ക് തിരിച്ചയക്കാനും സാധിച്ചു. ഓപൺ ഹൗസിെൻറ പരിഗണനക്ക് വന്ന നിരവധി പരാതികളിൽ പരിഹാരം കണ്ടു. ചില പരാതികൾ തുടർനടപടികൾക്കായി മാറ്റിവെച്ചു.