വ്യാജ ബിരുദം ഉപയോഗിച്ച് 13 വർഷം ജോലി ചെയ്ത സംഭവം; ഏഷ്യൻ പ്രവാസിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
text_fieldsമനാമ: വ്യാജ സർവകലാശാല ബിരുദം ഉപയോഗിച്ച് 13 വർഷം ബഹ്റൈനിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്ത ഏഷ്യക്കാരന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി. ഇയാളുടെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദം പരിശോധിക്കുന്നതിനായി അതോറിറ്റി വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. വിദ്യാഭ്യാസ മന്ത്രാലയം ഈ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന്റെ കൾച്ചറൽ അറ്റാഷെക്ക് കൈമാറി.
തുടർന്ന്, ഇയാൾ ബിരുദം നേടിയതായി അവകാശപ്പെട്ട യൂറോപ്യൻ രാജ്യത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ യൂനിവേഴ്സിറ്റി വ്യാജമാണെന്നും ഏതെങ്കിലും ഔദ്യോഗികസ്ഥാപനം അംഗീകരിച്ചിട്ടില്ലെന്നും കണ്ടെത്തി. വ്യാജ ബിരുദത്തിന്റെ അടിസ്ഥാനത്തിൽ 2010ൽ ജോലിയിൽ പ്രവേശിച്ച ഇയാൾക്ക് വർഷങ്ങളോളം കരാർ പുതുക്കി നൽകിയിരുന്നു. 2010നും 2023നും ഇടയിൽ പ്രതി മനഃപൂർവം വ്യാജ ബിരുദം ഉപയോഗിച്ച് ജോലിയിൽ തുടരുകയും കരാർ പുതുക്കുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവിച്ചു. കുറ്റം വ്യക്തമായതോടെയാണ് കോടതി ഇയാളെ 10 വർഷം തടവിന് ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

