വാടക കുടിശ്ശിക, കരാർ ലംഘനം; ഡോൾഫിൻ റിസോർട്ട് കണ്ടുകെട്ടി കോടതി
text_fieldsഡോൾഫിൻ റിസോർട്ട് (ഫയൽ)
പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ സ്ഥലം പ്രയോജനപ്പെടുത്തുമെന്ന് കാപ്പിറ്റൽ മുനിസിപ്പാലിറ്റി
മനാമ: നാലുപതിറ്റാണ്ടുകാലം ബഹ്റൈനിലെ സഞ്ചാരികളുടെ പ്രധാന വിനോദകേന്ദ്രമായി പ്രവർത്തിച്ച ഡോൾഫിൻ റിസോർട്ട് കണ്ടുകെട്ടാൻ കോടതി വിധി. അൽ ഫത്തേഹ് കോർണിഷിലെ ഡോൾഫിൻ ഗൾഫ് കമ്പനിയുടെ സ്ഥലം ഒഴിപ്പിക്കാനുള്ള ഹൈ സിവിൽ കോടതി പുറപ്പെടുവിച്ച വിധി കഴിഞ്ഞദിവസം നടപ്പാക്കുകയും ചെയ്തു. ദീർഘകാലമായി ഡോൾഫിൻ, സീ അനിമൽ ഷോകൾ, കുട്ടികളുടെ റൈഡുകൾ, റസ്റ്റാറന്റുകൾ എന്നിക്ക് പേരുകേട്ട ഈ സ്ഥലം, പാട്ടക്കരാർ കാലാവധി അവസാനിക്കുകയും പതിനായിരക്കണക്കിന് ദീനാർ കുടിശ്ശിക വരുത്തുകയും ചെയ്തതിനെ തുടർന്നാണ് കണ്ടുകെട്ടിയത്.
2022 മാർച്ച് 21 മുതൽ 2025 ജൂൺ 30 വരെയുള്ള കാലയളവിലെ കുടിശ്ശികയുള്ള വാടകയിനത്തിൽ 2,07,000 ബഹ്റൈൻ ദീനാർ നഷ്ടപരിഹാരം കമ്പനി നൽകണമെന്നും കോടതി ഉത്തരവിട്ടു. കമ്പനി സ്ഥലം ഒഴിയണമെന്നും കുടിശ്ശികയുള്ള വാടക നൽകണമെന്നും ആവശ്യപ്പെട്ട് ക്യാപിറ്റൽ മുനിസിപ്പാലിറ്റി നൽകിയ കേസാണ് ഈ വിധിക്കാധാരമായത്. 2019 ജനുവരിയിൽ മുനിസിപ്പാലിറ്റി കമ്പനിയുമായി അഞ്ച് വർഷത്തേക്ക് പാട്ടക്കരാർ ഒപ്പിട്ടിരുന്നു. പ്രതിമാസം 4900 ദിനാറായിരുന്നു വാടക. ഇത് ഓരോ രണ്ട് വർഷത്തിലും 20 ശതമാനം വർധിപ്പിക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. അതനുസരിച്ച് അവസാനവർഷം പ്രതിമാസവാടക 5880 ദിനാറായി വർധിച്ചു. 2023ൽ കരാർ കാലാവധി അവസാനിച്ചപ്പോൾ മുനിസിപ്പാലിറ്റി അത് പുതുക്കാൻ വിസമ്മതിച്ചു. എന്നാൽ, കമ്പനി സ്ഥലം ഒഴിയാൻ തയാറായില്ല. കടം സമ്മതിക്കുകയും കുടിശ്ശിക നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തെങ്കിലും അത് അംഗീകരിക്കാതെ മുനിസിപ്പാലിറ്റി കോടതിയെ സമീപിക്കുകയായിരുന്നു.
കമ്പനിയുടെ വസ്തുവകകൾ പൂർണമായി ഒഴിപ്പിക്കുന്നതിനും പൊളിച്ചുമാറ്റുന്ന ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും മുനിസിപ്പാലിറ്റിയിൽ നിന്നുള്ള സാങ്കേതിക, നിയമവിദഗ്ധരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. 1980കളിൽ ആരംഭിച്ച ഈ വിനോദ കേന്ദ്രം കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ, സമീപ വർഷങ്ങളിൽ അതിന്റെ പ്രശസ്തി കുറഞ്ഞു. ഈ സ്ഥലത്തിന്റെ പൊളിച്ചുമാറ്റൽ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നതിനൊപ്പം, അൽ ഫത്തേഹ് കോർണിഷിന്റെ പുനർവികസനത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതായും അധികൃതർ അറിയിച്ചു.
നിയമപരമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചതിനുശേഷമാണ് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചതെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ സെഹ്ലി പറഞ്ഞു. കമ്പനി അതോറിറ്റിക്ക് പതിനായിരക്കണക്കിന് ദീനാർ നൽകാനുണ്ടായിരുന്നു. സാവകാശം നൽകിയും ഒത്തുതീർപ്പ് നിർദേശങ്ങൾ വെച്ചും തങ്ങൾ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും നിക്ഷേപകൻ കുടിശ്ശിക തീർക്കുന്നതിനോ കരാർ പാലിക്കുന്നതിനോ കൂട്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഈ സ്ഥലം വികസിപ്പിക്കുക എന്നത് വലിയ മുനിസിപ്പൽ പദ്ധതിയുടെ ഭാഗമാണെന്നും അൽ സെഹ്ലി കൂട്ടിച്ചേർത്തു.
പൊതുജനങ്ങളുടെ ഓർമകളിൽ ഇടം നേടിയ സ്ഥലമാണിത്. എന്നാൽ, കോർണിഷിനെ കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും വേണ്ടിയുള്ള ഒരു ആധുനിക ലക്ഷ്യസ്ഥാനമാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഈ സ്ഥലം വൃത്തിയാക്കുന്നത് ബഹ്റൈൻ നഗരവികസന തന്ത്രത്തിന് അനുസൃതമായി ഈ പ്രദേശം പുനരുജ്ജീവിപ്പിക്കുന്നതിനും ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനും വഴിയൊരുക്കുമെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

