സലൂൺ രേഖകളിൽ കൃത്രിമം; ദമ്പതികൾക്ക് ഒരു വർഷം തടവുശിക്ഷ
text_fieldsമനാമ: വനിത സലൂണിന്റെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ അറബ് സ്വദേശിനിയായ സ്ത്രീക്കും ഏഷ്യൻ സ്വദേശിയായ ഭർത്താവിനും ഒരു വർഷം തടവുശിക്ഷ. വ്യാജരേഖകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ട കോടതി, ബിസിനസ്സുമായി ബന്ധപ്പെട്ട മറ്റു തർക്കങ്ങൾ സിവിൽ കോടതിയിൽ പരിഹരിക്കാനും നിർദേശിച്ചു.
പരാതിക്കാരിയുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് പ്രതിയായ സ്ത്രീ സലൂണിന്റെ മാനേജരായി സ്വന്തം പേര് ചേർക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. തുടർന്ന് അതേ രേഖകളിൽ തന്റെ ഭർത്താവിനെ അധികാരപ്പെടുത്തിയ വ്യക്തിയായി കൂട്ടിച്ചേർക്കുകയും ചെയ്തു.
കേസ് ഫയലുകൾ പ്രകാരം, പരാതിക്കാരിയും ഒന്നാം പ്രതിയും ചേർന്ന് 'സിജിലാത്ത്' സിസ്റ്റം വഴി രജിസ്റ്റർ ചെയ്ത ഒരു ബിസിനസ് പങ്കാളിത്തം നിലവിലുണ്ടായിരുന്നു. പിന്നീട് ഒരു ദിവസം പരാതിക്കാരി സിസ്റ്റത്തിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ അവരുടെ ആക്സസ് ലോക്ക് ചെയ്തതായി കണ്ടെത്തി. ഇതോടെ ബിസിനസ് രേഖകളിൽ എന്തെങ്കിലും മാറ്റം വരുത്താനോ മറ്റോ അവർക്ക് സാധിക്കാതെയായി. ഇതിനെത്തുടർന്ന് ബന്ധപ്പെട്ട മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ്, തന്റെ ഒപ്പോടുകൂടി സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്ത ഒരു അനുമതി പത്രം അവർ കണ്ടത്. ഇത് പ്രകാരം രണ്ടാം പ്രതിക്ക് (ഭർത്താവിന്) ബിസിനസ്സ് രേഖകളിൽ പൂർണ്ണ അധികാരം നൽകിയിട്ടുണ്ടായിരുന്നു. തന്റെ അറിവില്ലാതെ നടന്ന ഈ കൃത്രിമത്തിനെതിരെ പരാതിക്കാരി നിയമനടപടി സ്വീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

