ഹമദ് ടൗണിൽ പുതിയ ടെക്നിക്കൽ സ്കൂൾ നിർമിക്കാൻ കൗൺസിൽ അനുമതി
text_fieldsമനാമ: ഹമദ് ടൗണിൽ ആൺകുട്ടികൾക്കായി പുതിയ ടെക്നിക്കൽ സ്കൂൾ നിർമിക്കാൻ നോർത്തേൺ മുനിസിപ്പൽ കൗൺസിലിന്റെ അംഗീകാരം. യാത്ര സമയം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവന, പൊതു യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള ഷരീദ അൽ തവാദിയുടെ നിർദേശം കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചത്.
കിഴക്കൻ ഹമദ് ടൗണിലെ ബ്ലോക്ക് 1212ലാണ് സ്കൂളിന് സ്ഥലം നിർദേശിച്ചത്. പ്രദേശത്തെ കുട്ടികൾക്ക് സ്കൂളുകളിലെത്താൻ രാവിലെ നാലു മണിക്കു തന്നെ എഴുന്നേൽക്കേണ്ട അവസ്ഥയാണ്. ഇസ ടൗണിലെ ശശൈഖ് അബ്ദുല്ല ടെക്നിക്കൽ സ്കൂളിലോ സിഞ്ചിലെ അൽ ജാബ്രിയ ടെക്നിക്കൽ സ്കൂളിലോ എത്തണമെങ്കിൽ അഞ്ചു മണിക്ക് വരുന്ന ബസ് കയറണം. ക്ലാസുകൾ ഏഴു മണിക്കാണ് ആരംഭിക്കുക. ഈ പ്രതിസന്ധി കുട്ടികൾക്ക് മാത്രമല്ല അവരുടെ രക്ഷിതാക്കളെക്കൂടി ബാധിക്കുന്നുണ്ടെന്ന് ആൽ തവാദി പറഞ്ഞു.
നിർദിഷ്ട സ്കൂൾ വരുന്നതോടെ യാത്ര സമയം കുറക്കുകയും പ്രദേശത്തെ വിദ്യാർഥികൾക്ക് കൂടുതൽ എളുപ്പമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഹമദ് ടൗണിലെ കുട്ടികൾക്ക് മാത്രമല്ല, ദാർ കുലൈബ്, മാൽകിയ, കർസകൻ, സദാദ് തുടങ്ങിയ സമീപ ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്കും ഈ സ്കൂൾ ഉപകാരപ്പെടുമെന്ന് കൗൺസിലറായ അബ്ദുല്ല ഇബ്രാഹിം അൽ തവാദിയും നിർദേശത്തെ അനുകൂലിച്ച് പറഞ്ഞു.
ഇത് വളരെക്കാലമായി പ്രദേശത്തുള്ളവർ കാത്തിരിക്കുന്ന ഒരു കാര്യമാണെന്നും സ്കൂൾ വരുന്നതോടെ മറ്റു സ്കൂളുകളുടെ മേലുള്ള അധിക സമ്മർദം കുറക്കാൻ കാരണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർദേശം മുനിസിപ്പാലിറ്റി കാര്യ മന്ത്രി വഈൽ ആൽ മുബാറകിന് സമർപ്പിച്ചിട്ടുണ്ട്. അവലോകത്തിനും തുടർ നടപടികൾക്കുമായി നിർദേശം വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅക്ക് അദ്ദേഹം കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

