ഉപഭോക്തൃ സംരക്ഷണ കാമ്പയിൻ ആരംഭിക്കുന്നു
text_fieldsശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ
മനാമ: ഗുണമേന്മയുള്ള ഭക്ഷ്യവിഭവങ്ങൾ ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം ഉപഭോക്തൃ സംരക്ഷണ കാമ്പയിൻ ആരംഭിക്കുന്നു.
ജൂൺ മുതൽ ഡിസംബർ വരെ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും കാമ്പയിനിന്റെ ഭാഗമായ പ്രവർത്തനങ്ങൾ നടക്കുമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന വാണിജ്യ സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കും. വ്യവസായ വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ സേവന വകുപ്പാണ് സംരംഭം നടപ്പാക്കുകയെന്ന് ആഭ്യന്തര, വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുക, ന്യായവിലക്ക് ഭക്ഷ്യസാധനങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും കിട്ടുക എന്നിവ സാമൂഹികമായ ഉത്തരവാദിത്തമാണ്.
സ്വകാര്യ മേഖലക്കും ഈ ഉത്തരവാദിത്തം നിർവഹിക്കാനുള്ള ബാധ്യതയുണ്ട്. ബഹ്റൈനിലെ പൗരന്മാരും താമസക്കാരുമായ എല്ലാ ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാക്കുകയാണ് വകുപ്പിന്റെ താൽപര്യം.
10 ഭക്ഷ്യോൽപന്നങ്ങളുടെ വില 10 ശതമാനം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്തൃ സംരക്ഷണ സേവന വകുപ്പ് ഈ സംരംഭത്തിന് രൂപം നൽകിയതെന്ന് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി പറഞ്ഞു. യോജിച്ച പ്രവർത്തനത്തിലൂടെ ഭക്ഷ്യ ഉൽപന്ന വില ഉയരാതെ നോക്കാമെന്നാണ് കണക്കുകൂട്ടൽ.
സംരംഭത്തിൽ പങ്കെടുക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പേരുകൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ചരക്കുകളുടെയും സാധനങ്ങളുടെയും വില ഉപഭോക്താക്കൾക്ക് താരതമ്യം ചെയ്യാനാവശ്യമായ സാഹചര്യം സൃഷ്ടിക്കും. സംരംഭത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചരക്കുകളുടെയും ഭക്ഷ്യ ഉൽപന്നങ്ങളുടെയും പട്ടികകൾ നിശ്ചിതമായ ഇടവേളകളിൽ അവലോകനം ചെയ്യും. സർക്കാറിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്തരം ഉപഭോക്തൃ സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കുന്നത്.
ഈ കാമ്പയിനിൽ പങ്കെടുക്കാനും പ്രതിബദ്ധത ഉയർത്തിപ്പിടിക്കാനും എല്ലാ വാണിജ്യസ്ഥാപനങ്ങളോടും ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ ആഹ്വാനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.