താമസമേഖലകളിലെ നിർമാണ ജോലികൾക്ക് സമയം നിശ്ചയിക്കാം
text_fieldsമനാമ: താമസപ്രദേശങ്ങളിലെ നിർമാണജോലികൾക്ക് സമയം നിയന്ത്രിക്കാൻ മുനിസിപ്പാലിറ്റികൾക്ക് അധികാരം നൽകുന്ന കരട് നിയമത്തിന് ബഹ്റൈൻ കാബിനറ്റ് അംഗീകാരം നൽകി.
താമസക്കാരുടെ സുഖവും സമാധാനവും നിർമാണ-കരാർ മേഖലയുടെ ആവശ്യകതകളും തമ്മിൽ ഒരു സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് ഈ നിയമനിർമാണത്തിന്റെ ലക്ഷ്യം.
പ്രത്യേക സാഹചര്യങ്ങളിലോ പൊതുആവശ്യങ്ങൾക്കോ ഉള്ള ജോലികൾക്ക് അപവാദമായി പെർമിറ്റുകൾ നൽകാനും ഈ നിയമം അനുവദിക്കുന്നു.
ഈ നിയമപ്രകാരം, താമസസ്ഥലങ്ങളിൽ നിർമാണം, പൊളിക്കൽ, ഖനനം എന്നിവ നിരോധിച്ചിട്ടുള്ള ദിവസങ്ങളും സമയവും നിശ്ചയിക്കാൻ മുനിസിപ്പാലിറ്റികൾക്ക് നിയമപരമായ അധികാരം ലഭിക്കും.
ഓരോ മുനിസിപ്പാലിറ്റിക്കും അവിടത്തെ പ്രത്യേക സാഹചര്യങ്ങൾക്കും ആവശ്യകതകൾക്കും അനുസരിച്ച് നിർമാണ സമയം സംബന്ധിച്ച സ്വന്തം തീരുമാനങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കും.
പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാതെ പൊതു താൽപര്യത്തിന് മുൻഗണന നൽകുന്ന ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണ് സർക്കാർ ഈ കരട് നിയമത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചത്.
ലംഘിച്ചാൽ കടുത്ത ശിക്ഷ
നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇത് ലംഘിക്കുന്നവർക്ക് കടുത്തശിക്ഷകൾ നേരിടേണ്ടി വരും. 1000 ദീനാർ മുതൽ 10,000 ദീനാർ വരെ പിഴ, അല്ലെങ്കിൽ ജഡ്ജി നിശ്ചയിക്കുന്ന തടവ് ശിക്ഷ, അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചുമായിരിക്കും ശിക്ഷ. ഗസറ്റ് വിജ്ഞാപനം ചെയ്ത് അടുത്ത ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരും.
അതേസമയം ലൈസൻസിങ്, കരാറുകാരുടെ ബാധ്യതകൾ, സുരക്ഷ, പരിസ്ഥിതിപരമായ കാര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു സമഗ്രമായ പുതിയ നിർമാണ നിയമം സർക്കാർ ഇതിനോടകം കരട് രൂപപ്പെടുത്തി പാർലമെന്റിലേക്ക് അയച്ചിട്ടുണ്ട്. ഈ പുതിയ കരട് നിയമം, വിശാലമായ നിയമചട്ടക്കൂട് വികസിപ്പിക്കുന്നതുവരെ താമസക്കാരെ സംരക്ഷിക്കുന്നതിനുള്ള താൽക്കാലിക നടപടിയായാണ് ഇപ്പോൾ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

