അൽഫാതിഹ് കോർണിഷ് വാക്വേ നിർമാണം പൂർത്തിയായി
text_fieldsമനാമ: അൽ ഫാതിഹ് കോർണിഷിലെ വാക്വേ നിർമാണം പൂർത്തിയായതായി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് അറിയിച്ചു. ജനങ്ങൾക്ക് ശുദ്ധ വായു ശ്വസിക്കാനും ഉല്ലസിക്കാനും കായിക അഭ്യാസത്തിലേർപ്പെടാനും ഇത് അവസരമൊരുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്വേകൾ പുതുതായി നിർമിച്ചിട്ടുണ്ടെന്നും സുസ്ഥിര ജീവിതം ഉറപ്പാക്കുന്നതിന് ഇത്തരം സൗകര്യങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കിലോമീറ്റർ നീളത്തിലാണ് ഇവിടെ വാക്വേ പൂർത്തിയായിട്ടുള്ളത്. പാർക്കുകളും ഉല്ലാസകേന്ദ്രങ്ങളും സ്ഥാപിക്കുകയും കായിക പരിശീലനത്തിന് അവസരമൊരുക്കുകയും ചെയ്യുന്നത് മന്ത്രാലയത്തിന്റെ പദ്ധതികളിൽ പെട്ടതാണ്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഇത്തരം സംവിധാനങ്ങൾ വിവിധ പ്രദേശങ്ങളിലുണ്ടാകേണ്ടതുണ്ട്. അൽഫാതിഹ് വാക്വേ ഇത്തരത്തിൽ സാമൂഹിക പങ്കാളിത്തത്തോടെയാണ് പൂർത്തീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അബ്ദുല്ല നാസ് കമ്പനിയുടെ സഹായത്തോടെ 2.5 കിലോമീറ്റർ നീളത്തിൽ സൈക്കിൾ പാതയും മൂന്ന് കിലോമീറ്റർ നീളത്തിൽ വാക്വേയും 25,000 ചതുരശ്ര മീറ്ററിൽ ഹരിത പ്രദേശവും കളി സ്ഥലങ്ങളും മീൻ പിടിത്ത ബോട്ടുകൾക്ക് നാല് ജെട്ടികളും കുടുംബങ്ങൾക്കുള്ള വിശ്രമ കേന്ദ്രങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.