ബഹ്റൈനിൽ ആദ്യത്തെ സർഫ് പാർക്ക് നിർമാണം ആരംഭിച്ചു
text_fieldsസർഫ് പാർക്ക് തറക്കല്ലിടൽ ചടങ്ങിൽ നിന്ന്
മനാമ: ടൂറിസം മേഖലയിൽ പുതിയൊരേടായി ബഹ്റൈനിലെ ആദ്യ സർഫ് പാർക്കിന്റെ നിർമാണം ഔദ്യോഗികമായി ആരംഭിച്ചു. ഇനി കൃത്രിമ തിരമാലകളുടെ ഓളങ്ങളിൽ രാജ്യത്തെത്തുന്നവർക്ക് ഉല്ലസിക്കാം. 52,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പദ്ധതി ബിലാജ് അൽ ജസായറിലാണ് നിർമിക്കുന്നത്. മരുഭൂമികൾ മാത്രം കണ്ടുവളർന്ന ഗൾഫ് രാജ്യങ്ങളിൽ സർഫിങ്ങിന്റെ പുതിയ തലങ്ങൾ പരീക്ഷിക്കുകയാണ് ലക്ഷ്യം. ‘ബഹ്റൈൻ സർഫ് പാർക്ക്-ക്ലബ് ഹവായ് എക്സ്പീരിയൻസ്’ എന്നറിയപ്പെടുന്ന പദ്ധതി എഡാമയും ജി.എഫ്.എച്ച് ഫിനാൻഷ്യൽ ഗ്രൂപ്പും സംയുക്തമായാണ് നിർവഹിക്കുന്നത്.
സർഫിങ് പാർക്ക് ചിത്രകാരന്റെ ഭാവനയിൽ
പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം തറക്കല്ലിടൽ നടന്നു. പദ്ധതി സർഫിങ്ങിനെ രാജ്യത്തെ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉല്ലാസകരമാക്കും.
സർഫിങ് താൽപര്യപ്പെടുന്ന എല്ലാവർക്കും ഒരുപോലെ തുറന്നുകൊടുക്കാനാണ് ലക്ഷ്യം. ആദ്യമായി സർഫിങ് ചെയ്യുന്നവർക്കും പ്രഫഷനൽ അത്ലറ്റുകൾക്കും ഒരുപോലെ ഉപയോഗിക്കാനാവും.
സ്പെയിനിലെ വേവ്ഗാർഡൻ കോവ് സാങ്കേതികവിദ്യ ഉപയോഗിച്ച് മണിക്കൂറിൽ 1000 തിരമാലകൾ ഉൽപാദിപ്പിക്കാനാവും. ഒരേ സമയം 90 പേർക്ക് ലഗൂണിൽ സർഫിങ് ചെയ്യാനാവും. ക്ലബ് ഹവായ് എക്സ്പീരിയൻസ് അക്കാദമിയിലെ ഇൻസ്ട്രക്ടർമാർ പരിശീലനം നൽകും. ഇതൊരു വാട്ടർ പാർക്ക് മാത്രമല്ല, നവീകരണത്തിലൂടെയും കമ്യൂണിറ്റി നിക്ഷേപത്തിലൂടെയും ബഹ്റൈന്റെ ജീവിതനിലവാരം ഉയർത്താനുള്ള ഒരു സുപ്രധാന സംരംഭമാണെന്നും മംതലകാത്ത് സി.ഇ.ഒയും എഡാമ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. 1.3 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബിലാജ് അൽ ജസായർ മാസ്റ്റർ പ്ലാനിലാണ് ബഹ്റൈൻ സർഫ് പാർക്ക് ഉൾപ്പെടുന്നത്. ബഹ്റൈന്റെ തെക്ക്-പടിഞ്ഞാറൻ തീരപ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
സർഫിങ്ങിനുപുറമെ, ഫുഡ് ഔട്ട്ലെറ്റുകൾ, കബാനകൾ, റീട്ടെയിൽ സ്റ്റോറുകൾ, കോർപറേറ്റ്, സ്കൂൾ ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്ത വിനോദ മേഖലകൾ എന്നിവയും പാർക്കിൽ ഉണ്ടാകുമെന്ന് എഡാമ സി.ഇ.ഒ ഖാലിദ് അബ്ദുൽ റഹ്മാൻ അൽ മാജിദ് പറഞ്ഞു. 2026ൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

