100 മെഗാവാട്ട് സൗരോർജ നിലയത്തിന്റെ നിർമാണം ആരംഭിച്ചു
text_fieldsമനാമ: സൗത്ത് ഗവർണറേറ്റിലെ അൽ ദുർ മേഖലയിൽ സ്ഥാപിക്കുന്ന 100 മെഗാവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റിന്റെ തറക്കല്ലിടൽ കർമം നടന്നു. രാജ്യത്തെ ഊർജ ഉൽപാദനത്തിന്റെ 20 ശതമാനം 2035ഓടെ പുനരുപയോഗ സ്രോതസ്സുകളിൽ നിന്നാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്.8,30,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഏകദേശം 1,35,000 സോളാർ പാനലുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. ഈ വർഷം മൂന്നാം പാദത്തോടെ നിർമാണം പൂർത്തിയാക്കി നിലയം ദേശീയ ഗ്രിഡുമായി ബന്ധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘2060ഓടെ കാർബൺ ന്യൂട്രലിറ്റി കൈവരിക്കുക എന്ന രാജ്യാന്തര പ്രതിബദ്ധത നിറവേറ്റുന്നതിൽ ഈ പദ്ധതി നിർണായക പങ്കുവഹിക്കും. വലിയ തോതിലുള്ള സൗരോർജ ഉൽപാദനത്തിലൂടെ ഹരിത ഊർജം എന്ന രാജ്യത്തിന്റെ മാറ്റത്തിന് ഇത് കരുത്തേകും.’ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ് പറഞ്ഞു.പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും കാർബൺ ബഹിർഗമനം ലഘൂകരിക്കാനും ഈ പ്ലാന്റ് സഹായിക്കും. അൽ ദുറിലെ 66/11 സബ്സ്റ്റേഷൻ വഴിയാണ് ഈ നിലയത്തിൽനിന്നുള്ള വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് എത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

