മടങ്ങിയ പ്രവാസികളെ ‘നോർക്ക കെയർ’ ഇൻഷുറൻസിൽ ഉൾപ്പെടുത്തൽ പരിഗണനയിൽ
text_fieldsനോർക്ക വിഭാഗത്തിന്റെ സ്പെഷൽ സെക്രട്ടറി ടി.വി.
അനുപമ ഐ.എ.എസിന് പി.എൽ.സി അംഗങ്ങൾ നിർദേശം കൈമാറുന്നു
മനാമ: മടങ്ങിയെത്തിയ പ്രവാസികളെയും ‘നോർക്ക കെയർ’ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് നോർക്ക വിഭാഗത്തിന്റെ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാർ തലത്തിൽ ആഭ്യന്തര ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇപ്പോൾ അതിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും, എന്നാൽ ഒരു തീരുമാനം ഉടൻ പ്രതീക്ഷിക്കാനാകുമെന്നും അവർ അറിയിച്ചു.
ഈ വിഷയത്തിൽ വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും പ്രവാസികളുടെ ആശങ്കകൾ അറിയിക്കുമെന്നും പറഞ്ഞു. പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ 2025 സെപ്റ്റംബർ 26ന് കേരള ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടത്തിയത്. മടങ്ങിയ പ്രവാസികളെയും നോർക്ക കെയർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനം എത്രയുംവേഗം സർക്കാറുമായി കൂടിയാലോചിച്ച് നോർക്ക റൂട്ട്സ് ഉത്തരവ് ഇറക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു.
നോർക്ക ഐ.ഡി അല്ലെങ്കിൽ സ്റ്റുഡന്റ്സ് ഐ.ഡി എന്നിവ ഉള്ളവർക്ക് മാത്രമാണ് പദ്ധതിയിൽ അംഗത്വം എടുക്കാൻ കഴിയുക. മറുനാടൻ മലയാളികൾക്കും വിദേശ മലയാളികൾക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികൾക്ക് ഇതിന് കഴിയാത്തതിനാൽ പദ്ധതിയുടെ ഭാഗമാകാനും സാധ്യതയില്ല.
അതുകൊണ്ടാണ് കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും, നിലവിൽ വിദേശത്ത് ഉള്ള പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകൾ, പ്രീമിയം, ആനുകൂല്യങ്ങൾ എന്നിവയിൽ ചേരാൻ അനുമതി നൽകണമെന്ന് പ്രവാസി ലീഗൽ സെൽ നോർക്ക റൂട്ട്സിനോടും കേരള സർക്കാറിനോടും അഭ്യർഥിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

