കേരളത്തിൽ നടക്കുന്നത് കോൺഗ്രസ്- ബി.ജെ.പി ഡീൽ -എൽ.ഡി.എഫ് കൺവെൻഷൻ
text_fields‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ കൺവെൻഷൻ
മനാമ: ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ത്തിന്റെ നേതൃത്വത്തിൽ വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷൻ നടന്നു. യോഗത്തിൽ ഒന്നാണ് കേരളം കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു.
ബിനു മണ്ണിൽ സ്വാഗതം പറഞ്ഞു. ലോക കേരളസഭ അംഗം സി.വി. നാരായണൻ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ സംസ്കാരവും ഭാഷയും ജനാധിപത്യവും തകർത്ത് കടന്നുപോകുന്ന ഒരു ഭീതിദ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും വൈവിധ്യം കൊണ്ട് സമ്പന്നമായ ഒരു രാജ്യത്തെ ഏകത്വത്തിലേക്ക് നയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പെന്ന മർമപ്രധാനമായ ഘടകത്തെ പോലും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്തെ ഫെഡറൽ തത്ത്വസംഹിതയെ പോലും ഇല്ലാതാക്കുന്ന പ്രവൃത്തികൾക്കാണ് ആർ.എസ്.എസിന്റെ നിർദേശാനുസരണം കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാർ നേതൃത്വം നൽകുന്നത്.
കേരളത്തിൽ സി.പി.എം-ബി.ജെ.പി ഡീൽ എന്നാണ് യു.ഡി.എഫ് മുറവിളി കൂട്ടുന്നത്. എന്നാൽ ബേപ്പൂർ, വടകര മോഡലുകൾ കേരളത്തിൽ പരസ്യമായി പരീക്ഷിച്ചത് ആരാണെന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ചരിത്രത്തെ നിഷേധിക്കുന്ന പെരും നുണകളിൽ ആറാടുകയാണ് വലതുപക്ഷ മാധ്യമങ്ങൾ.
2021ൽ പിണറായി ഗവൺമെന്റ് വീണ്ടും അധികാരത്തിൽ വന്നതോടുകൂടി കോൺഗ്രസും ബി.ജെ.പിയും എടുത്ത ഒരു ദൃഢപ്രതിജ്ഞ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിനെ ഒരുതരത്തിലും ഭരിക്കാൻ അനുവദിക്കരുത് എന്നതാണ്.
അതിനായി ക്ഷേമപെൻഷനുകൾപോലും നൽകാൻ കഴിയാത്ത വിധം സാമ്പത്തിക ബുദ്ധിമുട്ടുകളടക്കം ആവുന്ന എല്ലാ ബുദ്ധിമുട്ടുകളും കേരള സർക്കാറിന്റെ മേൽ പ്രതിപക്ഷമായ യു.ഡി.എഫിന്റെ മൗനാനുവാദത്തോടുകൂടി കേന്ദ്ര ബി.ജെ.പി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നടത്തിയ ഡീൽ മനസ്സിലാക്കിയിട്ടാണ് ഡോ.പി.സരിൻ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വന്നതെന്നും സി.വി. നാരായണൻ ചൂണ്ടിക്കാട്ടി. സുഹൈൽ.എ.കെ-നവകേരള, എ.വി അശോകൻ -ബഹ്റൈൻ പ്രതിഭ, ഫൈസൽ എഫ്.എം.- എൻ.സി.പി, ലത്തീഫ് മരക്കാട്ട് എന്നിവർ സംസാരിച്ചു. കെ.ടി. സലിം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

