പശ്ചിമേഷ്യയിലെ സംഘർഷം; സുരക്ഷ മുൻകരുതലുകളുമായി ബഹ്റൈൻ
text_fieldsമനാമ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ സുരക്ഷ മുൻകരുതലുകളുമായി ബഹ്റൈൻ. കഴിഞ്ഞ ദിവസം ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിനെത്തുടർന്നാണ് ഗൾഫ് രാജ്യങ്ങളിൽ ആശങ്ക വർധിച്ചത്. ബഹ്റൈനിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ നേവൽ ബേസിലടക്കം ആക്രമണം നടത്തുമെന്നും ഹോർമുസ് കടലിടുക്ക് അടക്കുമെന്നും അഭ്യൂഹങ്ങൾ പരന്നതോടെ ബഹ്റൈനിലടക്കം കനത്ത സുരക്ഷയാണൊരുക്കുന്നത്.
അത്യാവശ്യത്തിനല്ലാതെ പ്രധാന റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സ്വദേശികളോടും പ്രവാസികളോടും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത്, പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും അധികാരികൾക്ക് റോഡുകൾ കാര്യക്ഷമമായി ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്നതിനും വേണ്ടിയാണിത്. രാജ്യത്തെ കിന്റർഗാർട്ടനുകൾ, സ്കൂളുകൾ, യൂനിവേഴ്സിറ്റികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ പഠനത്തിലേക്ക് മാറണമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ട് പഠന പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായമോ കൂടുതൽ വിവരങ്ങളോ ആവശ്യമുണ്ടെങ്കിൽ, മന്ത്രാലയവുമായോ ഉന്നത വിദ്യാഭ്യാസ കൗൺസിലുമായോ സാധാരണ ഔദ്യോഗിക ആശയവിനിമയ ചാനലുകളിലൂടെ ബന്ധപ്പെടാമെന്നും മന്ത്രാലയം ഉറപ്പുനൽകി.
ബഹ്റൈനിലെ 70 ശതമാനം സർക്കാർ, മന്ത്രാലയ ജീവക്കാരോട് വർക്ക് അറ്റ് ഹോം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. ഒരു അറിയിപ്പുണ്ടാകുന്നത് വരെ അത് തുടരും. മുൻകരുതൽ നടപടിയുടെ ഭാഗമായി, ‘മൈഗവ്’ ആപ്പിൽ സൈറൺ അലേർട്ട് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അവതരിപ്പിച്ച ആപ്പിന്റെ സെറ്റിംഗ്സിൽനിന്ന് ‘ജനറൽ നോട്ടിഫിക്കേഷൻ’ (പൊതു അറിയിപ്പുകൾ) ഓപ്ഷൻ ഓൺ ചെയ്യാനും നിർദേശമുണ്ട്.
സംഭവവികാസങ്ങൾ ബഹ്റൈൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
മനാമ: മേഖലയിലെ സംഭവവികാസങ്ങൾ ബഹ്റൈൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. സംഘർഷാവസ്ഥയും സൈനിക നടപടികളും നിർത്തലാക്കുന്നതിന് പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രാലയം അറിയിച്ചു.
നിലവിലെ പ്രതിസന്ധി നയതന്ത്രപരവും സമാധാനപരവുമായ മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിന് യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾ വേഗത്തിൽ പുനരാരംഭിക്കാനും നിർദേശിച്ചു. ഈ സമീപനം മേഖലയിലെ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുകയും യുദ്ധത്തിന്റെ ഭീകരതകളിൽനിന്നും അപകടങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുകയും ചെയ്യുമെന്നും ഔദ്യോഗിക അറിയിപ്പിലൂടെ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

