ജീവിതലാളിത്യം മുഖമുദ്രയാക്കിയ നേതാവ് -രാജു കല്ലുംപുറം
text_fieldsമനാമ: ജീവിതലാളിത്യംകൊണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം അനുസ്മരിച്ചു. കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച അദ്ദേഹം പാർട്ടി ഏൽപിച്ച ഉത്തരവാദിത്തങ്ങൾ പൂർണമായും നിറവേറ്റിയ നേതാവായിരുന്നു. കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ ദീർഘകാലത്തെ ആഗ്രഹമായ ഓഫിസ് മന്ദിരത്തിന് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ സ്വന്തം വീട് വിറ്റുകിട്ടിയ തുക അതിനുവേണ്ടി ഉപയോഗിച്ച് മാതൃക കാണിച്ച നേതാവായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസ്ഥാനത്തെ സ്വന്തം ജീവനു തുല്യം സ്നേഹിച്ച അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും രാജു കല്ലുംപുറം അനുസ്മരിച്ചു.
കോൺഗ്രസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ് -ഒ.ഐ.സി.സി
മനാമ: ജീവിതംതന്നെ പ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച നേതാവായിരുന്നു സതീശൻ പാച്ചേനിയെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുസ്മരിച്ചു.
കമ്യൂണിസ്റ്റ് കുടുംബത്തിൽനിന്ന് കടന്നുവന്ന് എല്ലാം ത്യജിച്ചുകൊണ്ട് പാർട്ടിയുടെ വിശ്വസ്ത പോരാളിയായി മാറിയ നേതാവായിരുന്നു അദ്ദേഹം. മുതിർന്ന നേതാക്കളെ നേരിടാൻ പാർട്ടി നിയോഗിക്കുമ്പോൾ പ്രസ്ഥാനം ഏൽപിച്ച ഉത്തരവാദിത്തം പൂർണ മനസ്സോടുകൂടി ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യുക്കാരന്റെ ചുറുചുറുക്കോടെ പ്രശ്നങ്ങളെ നേരിട്ട അദ്ദേഹത്തിന് അർഹതക്കുള്ള അംഗീകാരം ലഭിച്ചില്ലെന്നും അനുസ്മരിച്ചു.
കേരള രാഷ്ട്രീയത്തിന് കനത്ത നഷ്ടം
മനാമ: സതീശൻ പാച്ചേനിയുടെ വിയോഗം കോൺഗ്രസിനും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണെന്ന് കെ.എം.സി.സി ബഹ്റൈൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രീയമോ മതമോ ജാതിയോ സമ്പത്തോ നോക്കാതെ മനുഷ്യകുലത്തെ മുഴുവൻ ഗാഢമായി സ്നേഹിച്ച സതീശൻ പാച്ചേനി മഹാത്മാ ഗാന്ധിയുടെ ആദർശം ശിരസ്സാവഹിച്ച നേതാവാണെന്നും അനുസ്മരിച്ചു. തളിപ്പറമ്പ് കെ.എം.സി.സി ജനറൽ സെക്രട്ടറി റിയാസ് ചുഴലിയുടെ പിതാവ് അബ്ദുൽ റഹ്മാൻ ചുഴലിയുടെ വിയോഗത്തിലും ദുഃഖം രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.