ഇന്‍ട്രാ-ഇസ്ലാമിക് ഡയലോഗ് കോണ്‍ഫറന്‍സിന് സമാപനം
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബ്, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ
മനാമ: ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നടക്കുന്ന ദ്വിദിന ഇന്‍ട്രാ-ഇസ്ലാമിക് ഡയലോഗ് കോണ്‍ഫറന്‍സിന് സമാപനം. ബഹ്റൈൻ ബേയിലെ ഫോർ സീസൺസ് ഹോട്ടലിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഇസ്ലാമിക ഐക്യത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചയായി. ‘ഒരു സമൂഹം, ഒരുമിച്ചുള്ള മുന്നേറ്റം’ എന്ന പ്രമേയത്തില്‍ ഇസ്ലാമിക വിശ്വാസം പിന്തുടരുന്ന വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്നേഹസംവാദങ്ങളും സാധ്യമാക്കുകയെന്നതായിരുന്നു കോണ്‍ഫറൻസിന്റെ ലക്ഷ്യം.
ബഹ്റൈന്‍ മതകാര്യ വകുപ്പും അബൂദബി ആസ്ഥാനമായ മുസ്ലിം എല്‍ഡേഴ്സ് കൗണ്‍സിലും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. സാഖിർ കൊട്ടാരത്തിൽ ഹമദ് രാജാവ് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബിനെയും സമ്മേളനത്തിനെത്തിയ പ്രമുഖരെയും സ്വീകരിച്ചിരുന്നു. ഇസ്ലാമിക രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ 2022 ലെ ഡയലോഗ് ഫോറത്തില്‍ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബ് നടത്തിയ ആഹ്വാനത്തെ തുടര്‍ന്നാണ് വിവിധ മേഖലകളിലെ മുസ്ലിം പ്രധാനികള്‍ ഒരുമിക്കുന്ന ഇന്‍ട്രാ-ഇസ് ലാമിക് ഡയലോഗ് കോൺഫറൻസ് ഒരുക്കിയത്.
ഇസ് ലാമിക രാഷ്ട്രങ്ങളും സമൂഹവും ഒരുമിച്ചുനിന്നാൽ മാത്രമേ ഇസ് ലാമിനെതിരെയുള്ള സമകാലിക പ്രതിസന്ധികളെ നേരിടാൻ കഴിയൂവെന്ന് ഡോ. അഹ്മദ് അല്‍ ത്വയ്യിബ് സമ്മേളനത്തിൽ പറഞ്ഞു. മുസ് ലിം സമൂഹത്തിലെ ഒരു കക്ഷിയെയും മാറ്റിനിർത്താതെ എല്ലാവർക്കുമിടിയിൽ തുറന്ന ആശയവിനിമയം നടത്താനുള്ള ഒരു ഇസ് ലാമിക യൂനിയനായി അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ ഇസ് ലാമിക രാഷ്ട്രങ്ങളുടെയും സമൂഹത്തിന്റെയും ഒത്തൊരുമിച്ചുള്ള സമ്മേളനത്തിന് അധ്യക്ഷതവഹിച്ച ഹമദ് രാജാവിനെ ഡോ. അഹ്മദ് അല്‍ ത്വയ്യിബ് പ്രശംസിച്ചു. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ കാര്യത്തിൽ ഹമദ് രാജാവിനുള്ള താൽപര്യത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ് ലാമിക ഐക്യം കെട്ടിപ്പടുക്കുന്നതിന് ഒരു നിയമനിർമാണം അല്ലെങ്കിൽ ഭരണഘടന സ്ഥാപിക്കുന്നതിനുള്ള ഒരു നിർദേശം ഗ്രാൻഡ് ഇമാം സമ്മേളനത്തിൽ അവതരിപ്പിച്ചു. മുസ് ലിം ഐക്യത്തിന്റെ അടിത്തറയായി ഒരു ഭരണഘടന നിർമിക്കുന്നതിലൂടെ കഴിയും, ഇത് അംഗീകരിക്കപ്പെട്ടാൻ മുസ് ലിം സമൂഹങ്ങൾക്കിടയിലെ ബന്ധങ്ങൾ ചരിത്രപരമായ വഴിത്തിരിവായി മാറും.
ലോകമെമ്പാടുമുള്ള സഹകരണം, സംഘർഷങ്ങളിലുള്ള പരിഹാരം, മുസ്ലിം അവകാശങ്ങൾ സംരക്ഷിക്കൽ എന്നിവ ഈ നിയമ നിർമാണ രേഖ വാഗ്ദാനം ചെയ്യുമെന്നും ഡോ. അഹ്മദ് അൽ ത്വയ്യിബ് പറഞ്ഞു.ഇന്ത്യയെ പ്രതിനിധാനം ചെയ്ത് സമ്മേളനത്തിൽ കേരള മുസ് ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരും മഅ്ദിന്‍ അക്കാദമി ചെയര്മാൻ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും പങ്കെടുത്തു.
മുസ് ലിം സമൂഹം ഐക്യപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കാന്തപുരം സമ്മേളനത്തിൽ സംസാരിച്ചു. ഇസ് ലാമിക ഐക്യത്തിനുള്ള ആഹ്വാനത്തോടൊപ്പം വിദ്വേഷം, തീവ്രവാദം, വിഭാഗീയത എന്നിവക്കെതിരെ ഇസ് ലാമിക് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ആവശ്യകതയും സമ്മേളനം ചർച്ചചെയ്തു. സ്ത്രീകളുടെ ശാക്തീകരണം ഇസ് ലാമിൽ എന്ന സെഷനടക്കം സുപ്രധാന മതപരമായ ആറു വിഷയങ്ങളിലെ ചർച്ചകളായിരുന്നു സമ്മേളനത്തിലുണ്ടായിരുന്നത്. മത പണ്ഡിതര്‍, രാഷ്ട്ര നേതാക്കള്‍, നയതന്ത്രജ്ഞര്‍, യൂനിവേഴ്സിറ്റി തലവന്മാര് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 400 പ്രമുഖരാണ് കോണ്‍ഫറന്‍സിലെ അതിഥികളായെത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

