ബഹ്റൈൻ വൈദ്യുതി-ജല മേഖലയിൽ സമഗ്ര അഴിച്ചുപണി
text_fieldsമനാമ: ബഹ്റൈനിലെ വൈദ്യുതി, ജല മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമനിർമാണത്തിന് സർക്കാർ രൂപം നൽകി പാർലമെന്റിന് സമർപ്പിച്ചു. പുതിയ 88 വകുപ്പുകളുള്ള 'ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ സെക്ടർ റെഗുലേഷൻ നിയമം' നിലവിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) പിരിച്ചുവിടാനും പകരം സ്വതന്ത്രമായ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ റെഗുലേറ്ററി അതോറിറ്റി (ഇ.ഡബ്ല്യു.ആർ.എ), പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ നാഷനൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കമ്പനി (എൻ.ഇ.ഡബ്ല്യു.സി) എന്നിവ സ്ഥാപിക്കാനും വ്യവസ്ഥ ചെയ്യുന്നു.
പുതിയ ഘടനയിലെ പ്രധാന മാറ്റങ്ങൾ പ്രകാരം ഇ.ഡബ്ല്യു.ആർ.എക്ക് നിയമപരമായ പദവിയും പൂർണമായ സാമ്പത്തിക, ഭരണപരമായ സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. ബന്ധപ്പെട്ട മന്ത്രിക്ക് കീഴിലായിരിക്കും ഇതിന്റെ പ്രവർത്തനം. ബഹ്റൈനിലെ എല്ലാ വൈദ്യുതി, ജല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള എക്സ്ക്ലൂസീവ് അധികാരം ഇ.ഡബ്ല്യു.ആർ.എക്കായിരിക്കും. ഇതിൽ ലൈസൻസിങ്, താരിഫ് നിർണയം, പ്രകടന നിരീക്ഷണം, പാരിസ്ഥിതിക പാലനം, മത്സരം പ്രോത്സാഹിപ്പിക്കൽ, ഉപഭോക്തൃസംരക്ഷണം എന്നിവ ഉൾപ്പെടുന്നു. വൈദ്യുതിയുടെയും ജലത്തിന്റെയും തുടർച്ചയായതും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ വിതരണം ഉറപ്പാക്കുക, ചെലവ് വീണ്ടെടുക്കൽ തത്ത്വങ്ങളെ അടിസ്ഥാനമാക്കി താരിഫുകൾ അവലോകനം ചെയ്യുക, ഊർജ കാര്യക്ഷമതയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നിവ ഇ.ഡബ്ല്യു.ആർ.എയുടെ ചുമതലകളാണ്.
നിലവിലെ ഇവയുടെ എല്ലാ ആസ്തികളും ബാധ്യതകളും കരാറുകളും എൻ.ഇ.ഡബ്ല്യു.സിയിലേക്ക് കൈമാറ്റം ചെയ്യും. വൈദ്യുതി, ജല ഉൽപാദനം, പ്രസരണം, വിതരണം എന്നീ പ്രവർത്തനപരമായ ഉത്തരവാദിത്തങ്ങൾ എൻ.ഇ.ഡബ്ല്യു.സി ഏറ്റെടുക്കും. ഇ.ഡബ്ല്യു.ആർ.എയുടെ നിർദേശങ്ങൾക്കനുസൃതമായി ഇവയിൽനിന്ന് സുഗമമായ കൈമാറ്റം ഉറപ്പാക്കുന്നതിനുള്ള പരിവർത്തനപദ്ധതിയുടെ ചുമതലയും ഈ കമ്പനിക്കായിരിക്കും.
ഇവയിലെ നിലവിലെ ജീവനക്കാരെ അവരുടെ എല്ലാ തൊഴിൽ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിച്ചുകൊണ്ട് എൻ.ഇ.ഡബ്ല്യു.സിയിലേക്കോ മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്കോ മാറ്റും. പുതിയ നിയമം വൈദ്യുതി, ജലവുമായി ബന്ധപ്പെട്ട എല്ലാ ഓപറേറ്റർമാർക്കും സമഗ്രമായ ലൈസൻസിങ് സമ്പ്രദായം അവതരിപ്പിക്കുന്നു. ഉൽപാദനം, നെറ്റ്വർക്കുകൾ, വിതരണം, സംഭരണം, മറ്റ് ഉപ-പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ലൈസൻസ് നിർബന്ധമാണ്. നിയമം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനുള്ളിൽ നിലവിലെ ഓപറേറ്റർമാർ ലൈസൻസിനായി അപേക്ഷിക്കണം. അല്ലാത്തപക്ഷം ലൈസൻസ് റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാം. പാർലമെന്റിന്റെ അംഗീകാരത്തിന് വിധേയമായി, ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ അടുത്തദിവസം മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

