വാറ്റ്, എക്സൈസ് വെട്ടിപ്പ്; വ്യാപക പരിശോധനയുമായി നാഷനൽ ബ്യൂറോ ഫോർ റവന്യൂ
text_fieldsമനാമ: നാഷനൽ റവന്യൂ ബ്യൂറോ നവംബറിൽ 160 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും വാറ്റ് നിയമം യഥാവിധി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് വിവിധ ഗവർണറേറ്റുകളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ഡിജിറ്റൽ സ്റ്റാമ്പ് സംവിധാനം നടപ്പാക്കുന്നതും പരിശോധിച്ചിരുന്നു. 33 ലംഘനങ്ങൾ കണ്ടെത്തുകയും പിഴയീടാക്കാൻ നിർദേശിക്കുകയുംചെയ്തു.
വാറ്റ് നിയമം ലംഘിക്കുന്നതായി ബോധ്യമായതിനാലാണ് പിഴ ഈടാക്കിയത്. കടുത്ത നിയമലംഘനം കണ്ടെത്തിയാൽ ക്രിമിനൽ കേസ് നടപടികൾ ആരംഭിക്കും. അഞ്ച് വർഷം തടവും വാറ്റ് നിയമം അനുസരിച്ച് അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകക്ക് തുല്യമായ പിഴയും വരെ ഇവർക്ക് ശിക്ഷ ലഭിക്കാം. എക്സൈസ് നിയമപ്രകാരം വെട്ടിച്ച എക്സൈസ് നികുതിയുടെ ഇരട്ടിക്ക് തുല്യമായ പിഴയും ഒരു വർഷം തടവുമാണ് നിയമലംഘകർ ശിക്ഷ അനുഭവിക്കേണ്ടത്. നൂതന ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നത്. 37,500 ദീനാറിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ നിർബന്ധമായും വാറ്റ് രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. അപ്രകാരം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് വാറ്റ് സംഖ്യയുടെ മൂന്നിരട്ടി പിഴയും തടവും ശിക്ഷ വിധിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
വാറ്റ് ഇൻവോയ്സുകൾ ഇഷ്യൂ ചെയ്യാതിരിക്കുക, വാറ്റ് ഉൾപ്പെടെയുള്ള വിലകൾ കാണിക്കുന്നതിൽ പരാജയപ്പെടുക, ദൃശ്യമായ സ്ഥലത്ത് വാറ്റ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാതിരിക്കുക എന്നിവ നിയമലംഘനങ്ങളിൽപെടും. ബിസിനസുകളുടെയും ഉപഭോക്താക്കളുടെയും സഹകരണം, പരിശോധന കാമ്പയിനുകളുടെ വിജയത്തിന് അവിഭാജ്യമാണെന്ന് നാഷനൽ റവന്യൂ ബ്യൂറോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

