സമ്പൂർണ മാതൃഭാഷാ സാക്ഷരതാദൗത്യം ‘വിശ്വമലയാളം’ പദ്ധതിക്ക് തുടക്കം
text_fieldsസമ്പൂർണ മാതൃഭാഷ സാക്ഷരതാദൗത്യമായ വിശ്വമലയാളം പദ്ധതിയുടെ ആഗോളതല ഉദ്ഘാടനച്ചടങ്ങിൽ മലയാളം മിഷൻ
ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട വിളക്ക് തെളിയിക്കുന്നു
മനാമ: കേരളസർക്കാർ ആഗോളതലത്തിൽ മലയാളി പ്രവാസ സമൂഹത്തിൽ നടപ്പാക്കുന്ന സമ്പൂർണ മാതൃഭാഷാ സാക്ഷരതാ ദൗത്യമായ വിശ്വമലയാളം പദ്ധതിയുടെ ആഗോളതല ഉദ്ഘാടനം ബഹ്റൈൻ കേരളീയസമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മലയാളം മിഷൻ ഡയറക്ടറും പ്രശസ്തകവിയുമായ മുരുകൻ കാട്ടാക്കട വിശിഷ്ടാതിഥിയായിരുന്നു. കേരളീയസമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം. സതിഷ്, രജിത അനി, ബി.കെ.എസ് സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മലയാളം മിഷന്റെ ഇന്ത്യക്ക് പുറത്തെ ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവവും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ മൂന്നു പദ്ധതികളിലൊന്നാണ് ‘വിശ്വമലയാളം’. വിദേശരാജ്യങ്ങളിലെ പ്രവാസ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‘കുട്ടി മലയാളവും’ കേരളത്തിൽ താമസിക്കുന്ന ഇതരസംസ്ഥാനക്കാർക്കായി നടപ്പാക്കുന്ന ‘അനന്യമലയാള’ വുമാണ് മറ്റ് രണ്ട് ഭാഷാ പദ്ധതികൾ.
മലയാളം മിഷൻ നിലവിൽ നടത്തിവരുന്ന പാഠ്യപദ്ധതിക്ക് പുറത്തു നിൽക്കുന്നവരെ കണ്ടെത്തി, ഭാഷ പഠിപ്പിച്ച്, സ്വന്തം ഭാഷയിൽ സമ്പൂർണ സാക്ഷരത നേടുന്ന ആദ്യ പ്രവാസിസമൂഹമായി മലയാളിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ പദ്ധതി ആദ്യം നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ബഹ്റൈനെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.