ഇന്ത്യൻ മൊബൈൽ നമ്പറുകൾക്ക് ബഹ്‌റൈനിൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് പരാതി
text_fieldsമനാമ: ബഹ്‌റൈനിൽ ഇന്ത്യൻ മൊബൈൽ നമ്പറുകൾക്ക് സിഗ്നൽ ലഭിക്കാത്തത് പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഒരു മാസത്തിലേറെയായി തുടരുന്ന ഈ പ്രശ്നം കാരണം നാട്ടിലെ ബാങ്ക് ഇടപാടുകൾക്കും മറ്റും ആവശ്യമായ ഒ.ടി.പികളോ പ്രധാനപ്പെട്ട സന്ദേശങ്ങളോ ലഭിക്കുന്നില്ലെന്നാണ് വ്യാപക പരാതി.
വിവിധ വെബ്‌സൈറ്റുകളിലും സർക്കാർ പോർട്ടലുകളിലും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇന്ത്യൻ നമ്പറുകൾ നൽകിയവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ബാങ്കിങ് സന്ദേശങ്ങൾ യഥാസമയം ലഭിക്കാത്തത് പലരിലും വലിയ ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. ഇത് സാധാരണക്കാരെ മാത്രമല്ല, പ്രവാസികളായ ബിസിനസുകാരെയും സാരമായി ബാധിച്ചിരിക്കുകയാണ്.
ബഹ്‌റൈനിലെ പ്രാദേശിക നെറ്റ്‌വർക്കുകളായ ബാടെൽകോ, സൈൻ എന്നിവയുമായുള്ള റോമിംഗ് കരാറുകളിലോ സാങ്കേതികമായോ ഉണ്ടായ തടസ്സങ്ങളാണ് സിഗ്നൽ നഷ്ടപ്പെടാൻ കാരണമെന്നാണ് എയർടെൽ ഉൾപ്പെടെയുള്ള സേവനദാതാക്കൾ നൽകുന്ന സൂചന. എന്നാൽ, പ്രാദേശിക നിയന്ത്രണ ഏജൻസികളുടെ നിർദ്ദേശപ്രകാരം അന്താരാഷ്ട്ര റോമിംഗ് സേവനങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതാകാമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, നിലവിൽ പല ഉപഭോക്താക്കൾക്കും എസ്.ടി.സി നെറ്റ്‌വർക്കിൽ മാനുവലായി കണക്ട് ചെയ്യാൻ ശ്രമിച്ചാൽ സിഗ്നൽ ലഭിക്കുന്നുണ്ടെന്ന വിവരമുണ്ട്. എന്നിരുന്നാലും, സിഗ്നൽ പൂർണമായും ലഭിക്കാത്തതിൻ്റെ യഥാർത്ഥ കാരണം ഇപ്പോഴും അവ്യക്തമാണ്.
ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബഹ്‌റൈനിൽ മാത്രമാണ് ഈ പ്രശ്നം ഇത്ര ഗുരുതരമായി തുടരുന്നത്. മേഖലയിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളും സിഗ്നൽ നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടാകാമെന്ന് ചിലർ ആരോപിക്കുന്നുണ്ട്. പ്രധാനപ്പെട്ട എസ്.എം.എസ് വിവരങ്ങൾ ലഭിക്കാതെ പോകുന്നത് തുടർന്നാൽ വലിയ ആശങ്കക്കും പ്രതിസന്ധിക്കും ഇടയാകുമെന്നാണ് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് വ്യക്തതയും പരിഹാരവും ഉണ്ടാകണമെന്നാണ് സാമൂഹിക പ്രവർത്തകരുടെയടക്കം ആവശ്യം. എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ പ്രവാസി സമൂഹവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

