ആട്ടിറച്ചി വില ക്രമാതീതമായി വർധിച്ചതായി പരാതി
text_fieldsമനാമ: റമദാൻ ആരംഭിച്ചതോടെ ആട്ടിറച്ചിക്ക് ക്രമാതീതമായി വില വർധിച്ചതായി പരാതി. അമിത വിലയിൽ പ്രതിഷേധിച്ച് മനാമ മട്ടൻ മാർക്കറ്റിലെ വ്യാപാരികൾ ചൊവ്വാഴ്ച മൊത്ത വിതരണക്കാരിൽനിന്ന് ഇറച്ചി വാങ്ങുന്നത് ബഹിഷ്കരിച്ചു.
റമദാൻ തുടങ്ങുന്നതിനുമുമ്പ് 2.200 ദിനാറാണ് ശരാശരി വില ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ഇത് ക്രമേണ വർധിച്ച് 2.850 ദിനാർ വരെയെത്തി. അഞ്ചുദിവസത്തിനിടെയാണ് ഈ വർധനയെന്ന് മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു.
പ്രധാനമായും രണ്ട് മൊത്ത വിതരണക്കാരാണ് മനാമ മട്ടൻ മാർക്കറ്റിൽ ആട്ടിറച്ചി എത്തിക്കുന്നത്. കെനിയ, താൻസനിയ എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവരുന്ന ആട്ടിറച്ചിയാണ് ഇവിടെ വിൽപന നടത്തുന്നത്.
വില വർധിച്ചതോടെ ആവശ്യക്കാർ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. പുലർച്ച 2.30ന് മാർക്കറ്റിലെത്തുന്ന കച്ചവടക്കാർക്ക് വൈകീട്ട് അഞ്ച് ആയാലും ഇറച്ചി മുഴുവൻ വിറ്റുതീർക്കാർ സാധിക്കുന്നില്ല.
കഴിഞ്ഞ ദിവസം 2.800 ദിനാറിന് മൊത്തക്കച്ചവടക്കാരിൽനിന്ന് വാങ്ങിയ ഇറച്ചി മൂന്ന് ദിനാറിനാണ് വ്യാപാരികൾ വിൽപന നടത്തിയത്. തുച്ഛമായ ലാഭം മാത്രമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് ഇവർ പറയുന്നു.
മാത്രമല്ല, ഇറച്ചി പൊതിഞ്ഞുകൊണ്ടുവരുന്ന തുണിയുടെ ഭാരം കുറക്കുമ്പോഴുള്ള നഷ്ടവും വ്യാപാരികൾ സഹിക്കണം. 100 കിലോ ഇറച്ചി മൊത്തക്കച്ചവടക്കാരിൽനിന്ന് വാങ്ങിയാൽ 10 കിലോയെങ്കിലും ഇങ്ങനെ കുറയുമെന്ന് വ്യാപാരികൾ പറയുന്നു. ചിലപ്പോൾ ഭാരം കൂട്ടാൻ തുണി കുതിർത്ത് കൊണ്ടുവരുന്നതും നഷ്ടമുണ്ടാക്കുന്നതായി വ്യാപാരികൾ ആരോപിക്കുന്നു.
വില വർധിച്ച സാഹചര്യത്തിൽ മറ്റ് മൊത്തക്കച്ചവടക്കാരിൽനിന്ന് ഇറച്ചി വാങ്ങുന്നതിനെക്കുറിച്ച് വ്യാപാരികൾ കൂടിയാലോചന നടത്തുന്നുണ്ട്. ന്യായമായ വിലയിൽ ഇറച്ചി ലഭ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

