ബഹ്റൈന്റെ ‘സ്മൈൽ’ പദ്ധതിക്ക് കമ്യൂണിറ്റി ഇന്റലിജൻസ് അവാർഡ്
text_fieldsയു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനിൽനിന്ന് സബാഹ് അൽ
സയാനി അവാർഡ് ഏറ്റുവാങ്ങുന്നു
മനാമ: ബഹ്റൈനിലെ കുട്ടികളിലെ അർബുദത്തെ പിന്തുണക്കുന്നതിനായി പ്രവർത്തിക്കുന്ന സ്മൈൽ ഇനിഷ്യേറ്റീവിന് ശൈഖ ഫാത്തിമ പ്രോഗ്രാം ഫോർ എക്സലൻസ് ആൻഡ് കമ്യൂണിറ്റി ഇന്റലിജൻസ് അവാർഡ്. അബൂദബിയിൽ നടന്ന ഏഴാമത് അവാർഡ് ദാന ചടങ്ങിൽ കമ്യൂണിറ്റി വിഭാഗത്തിലെ സപ്പോർട്ട് ആൻഡ് കെയർ അവാർഡാണ് സ്മൈലിനെ തേടിയെത്തിയത്.
സമൂഹത്തിൽ ആരോഗ്യ അവബോധം വളർത്തുന്നതിലും അതിലെ വെല്ലുവിളികൾ നേരിടുന്നതിലും പ്രധാന പങ്കുവഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സംരംഭങ്ങളെയാണ് അവാർഡിന് പരിഗണിച്ചത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാന്റെ പക്കൽനിന്ന് ബഹ്റൈൻ ഫ്യൂച്ചർ സൊസൈറ്റി ഫോർ യൂത്ത് ചെയർമാൻ സബാഹ് അൽ സയാനി ബഹുമതി ഏറ്റുവാങ്ങി.
അവാർഡ് വാങ്ങാനായതിൽ അതിയായ സന്തോഷമുണ്ടെന്നും സ്മൈൽ ഇനിഷ്യേറ്റീവിലെ അംഗങ്ങളുടെയും വളന്റിയർമാരുടെയും സമർപ്പണബോധത്തെയും പിന്തുണയെയും ഈ അവസരത്തിൽ ഓർക്കുന്നതായും സബാഹ് അൽ സയാനി പറഞ്ഞു. കൂടാതെ ബഹ്റൈനിലെ സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന പിന്തുണയെയും സഹകരണത്തെയും സൂചിപ്പിച്ച അൽ സയാനി അർബുദത്തിനെതിരെ ധൈര്യത്തോടെ പോരാടുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഉയർന്ന നിലവാരമുള്ള രോഗപരിചരണവും സഹായവും നൽകുന്നതിലെ സ്മൈലിന്റെ പ്രതിബദ്ധയെയും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
2012ൽ ആരംഭിച്ച ‘സ്മൈൽ’ എന്നത് ഫ്യൂച്ചർ സൊസൈറ്റി ഫോർ യൂത്ത് എന്ന എൻ.ജി.ഒയുടെ ഒരു സംരംഭമാണ്. അർബുദം ബാധിച്ച കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വൈകാരികവും സാമൂഹികവുമായ പിന്തുണ നൽകുക, ആവശ്യമായ സാമ്പത്തിക സഹായം നൽകുക, അർബുദം ബാധിച്ച കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് പദ്ധതി നടപ്പാക്കുന്നത്.
രോഗകാരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും രോഗബാധിതരായ കുട്ടികൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനും സ്വകാര്യ മേഖലയുമായും സർക്കാർ സ്ഥാപനങ്ങളുമായും, പ്രത്യേകിച്ച് ആരോഗ്യ മന്ത്രാലയം, സർക്കാർ ആശുപത്രികൾ, സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായും സഹകരിച്ചാണ് സജ്ജീകരിക്കുന്നത്. സ്മൈൽ പദ്ധതിയുടെ വളണ്ടിയർ പ്രവർത്തനങ്ങളിൽ പങ്കാളികളായും അർബുദം ബാധിച്ച കുട്ടികളെക്കുറിച്ചും അവരെ സഹായിക്കേണ്ടതിനെക്കുറിച്ചും മറ്റുള്ളവരിൽ അവബോധം സൃഷ്ടിച്ചും സ്മൈൽ പദ്ധതിയിൽ നമുക്കും ഭാഗവാക്കാകാം. സ്മൈൽ പദ്ധതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ അവരുടെ വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

