ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ മനുഷ്യന്റെ പൊതുവായ മൂല്യങ്ങൾ ശക്തിപ്പെടുത്തണം- ഹമദ് രാജാവ്
text_fieldsമനാമ: ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ മനുഷ്യന്റെ പൊതുവായ മൂല്യങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ജറൂസലമിലേയും മിഡിൽ ഈസ്റ്റിലെയും എപ്പിസ്കോപ്പൽ ചർച്ച് ആർച്ച് ബിഷപ് ഡോ. ഹൊസം നൗമിനും സൈപ്രസിലെയും ഗൾഫിലെയും ബിഷപ് സീൻ സെമ്പിളിനും അൽ സഫ്രിയ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിനിടെയാണ് ഹമദ് രാജാവ് ഈ വിഷയങ്ങൾ സംസാരിച്ചത്.
ബഹ്റൈനിലെ സെന്റ് ക്രിസ്റ്റഫർ ആംഗ്ലിക്കൻ കത്തീഡ്രൽ ഡീൻ റവറന്റ് ഡോ. റിച്ചാർഡ് ഫെർമർ, ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡർ അലാസ്റ്റർ ലോംഗ് എന്നിവരും സന്നിഹിതരായിരുന്നു. അതിഥികളെ സ്വാഗതം ചെയ്ത രാജാവ്, സഹിഷ്ണുത, സ്നേഹം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് അവരുമായി സംസാരിച്ചു. മിതത്വവും സഹിഷ്ണുതയും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. മനുഷ്യരാശിയുടെ പൊതുവായ നന്മക്കായി രാജ്യങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ സംഭാഷണം, ധാരണ, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ മതവിഭാഗങ്ങളും പരസ്പര ബഹുമാനത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കുന്ന ബഹ്റൈനിലെ പാരമ്പര്യത്തിൽ രാജാവ് അഭിമാനം പ്രകടിപ്പിച്ചു. വിവിധ മതങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ സംഭാഷണം പ്രോത്സാഹിപ്പിക്കാനും സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കാനുമുള്ള ബഹ്റൈന്റെ മുൻനിരയിലുള്ള ആഗോള സംരംഭങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.
വ്യത്യസ്ത സംസ്കാരങ്ങളിലും വിശ്വാസങ്ങളിലുമുള്ള ആളുകൾക്കിടയിൽ സമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്നത് ബഹ്റൈൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു.ബഹ്റൈനിലെ എല്ലാ മതവിഭാഗങ്ങൾക്കും യാതൊരു വിവേചനവുമില്ലാതെ നൽകുന്ന ശ്രദ്ധക്കും പരിപാലനത്തിനും ആരാധനാലയങ്ങൾ നിർമിക്കാൻ നൽകുന്ന പിന്തുണക്കും അതിഥികൾ രാജാവിന് നന്ദി അറിയിച്ചു. സമാധാനം, സഹവർത്തിത്വം, സ്നേഹം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ബഹ്റൈൻ നടത്തുന്ന ശ്രമങ്ങളെയും അവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

