കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണം മനാമയിൽ സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണ സമ്മേളനം
മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണ സമ്മേളനം മനാമയിലെ എം.സി.എം.എ ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. ഏരിയ പ്രസിഡന്റ് റാസിബ് വേളം അധ്യക്ഷത വഹിച്ച ചടങ്ങ് ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച രണ്ട് ജനനായകന്മാരെയും പ്രവാസി സമൂഹം സ്മരിച്ചു. ആധുനിക കേരളത്തിന്റെ വികസന ഭൂപടം വരച്ചുചേർത്ത ഭരണാധികാരിയായ കെ. കരുണാകരന്റെ ഭരണപാടവത്തെയും, പരിസ്ഥിതി-സാമൂഹിക വിഷയങ്ങളിൽ ഒരു കാലത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉയർത്തിപ്പിടിച്ച പി.ടി. തോമസിന്റെ പോരാട്ടവീര്യത്തെയും കുറിച്ച് പ്രസംഗകർ ചടങ്ങിൽ സംസാരിച്ചു.
ജയഫർ അലി, അൻസാർ ടി.ഇ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ ഇരുവരും നൽകിയ മഹത്തായ സംഭാവനകളെയും അവർ പടുത്തുയർത്തിയ രാഷ്ട്രീയ മൂല്യങ്ങളെയും പ്രഭാഷകർ അനുസ്മരിച്ചു. പൊതുപ്രവർത്തന രംഗത്ത് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വങ്ങളായിരുന്നു അവരെന്നും പ്രസംഗകർ കൂട്ടിച്ചേർത്തു. തുടർന്ന് നടന്ന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ഷംഷാദ് കാക്കൂർ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. ഐ.വൈ.സി.സി ഏരിയ സെക്രട്ടറി ഷിജിൽ പെരുമച്ചേരി പരിപാടിയിൽ സ്വാഗതം ആശംസിച്ചു. ശറഫുദ്ദീൻ നന്ദിയും രേഖപ്പെടുത്തി. ഐ.വൈ.സി.സിയുടെ പ്രമുഖ നേതാക്കളും നിരവധി പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

