കോഫി ഫെസ്റ്റിവലിന് വർണാഭമായ തുടക്കം
text_fieldsകോഫി ഫെസ്റ്റിവൽ 2025 ന്റെ ഉദ്ഘാടനത്തിൽനിന്ന്
മനാമ: രാജ്യത്തിന്റെ അവധിക്കാല ആഘോഷങ്ങളുടെ ഭാഗമായി, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ), എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ, ബഹ്‌റൈൻ ചേംബർ എന്നിവയുടെ സഹകരണത്തോടെ ബഹ്‌റൈൻ കോഫി ഫെസ്റ്റിവൽ 2025 എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ആരംഭിച്ചു. ഈ ശനിയാഴ്ചവരെ നീളുന്ന മേളയിൽ, 20ൽ അധികം രാജ്യങ്ങളിൽനിന്നുള്ള നൂറിൽപരം പ്രാദേശിക, പ്രാദേശികേതര, അന്താരാഷ്ട്ര ബ്രാൻഡുകളാണ് അണിനിരക്കുന്നത്. വിദഗ്ധരെയും ആഗോള ബ്രാൻഡുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ ഫെസ്റ്റിവൽ, കാപ്പി പ്രേമികൾക്കും ഈ മേഖലയിലെ പ്രഫഷനലുകൾക്കും സംവേദനാത്മകമായ ഒരനുഭവം നൽകിക്കൊണ്ട് പ്രത്യേക പരിപാടികളുടെയും പ്രദർശനങ്ങളുടെയും ആഗോള കേന്ദ്രമായി ബഹ്‌റൈനിനെ അടയാളപ്പെടുത്തുന്നു.
ഫെസ്റ്റിന്‍റെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന ‘ലാറ്റേ ആർട്ട്’ മത്സരത്തിൽ 54 മത്സരാർഥികളാണ് മാറ്റുരക്കുന്നത്. അന്താരാഷ്ട്ര വിദഗ്ധർ വിധികർത്താക്കളാകുന്ന മത്സരത്തിൽ ഒന്നാം സമ്മാനം 1,200 ദീനാറാണ്. വിദഗ്ധർ നയിക്കുന്ന 25ൽ അധികം പ്രഫഷനൽ വർക്ക്‌ഷോപ്പുകളിൽ പുതിയ പഠിതാക്കൾക്ക് പരിശീലനം നേടാൻ അവസരമുണ്ട്. പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളുടെ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള വിപുലമായ ഫുഡ് കൗണ്ടറുകൾ, ഏറ്റവും പുതിയ റോസ്റ്റിങ്, ബ്രൂവിങ് ഉപകരണങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന പ്രത്യേക സോൺ എന്നിവയും ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്.
അറിവും പരിശീലനവും സാമൂഹിക ഇടപെടലും സമന്വയിപ്പിക്കുന്ന ഒരു സാംസ്കാരിക വിനോദ വേദിയായാണ് ഈ മേള പ്രവർത്തിക്കുന്നത്. ഇത് യുവജനങ്ങൾക്കും സംരംഭകർക്കും കോഫി രംഗത്ത് പുതിയ അവസരങ്ങൾ തുറന്നുനൽകുകയും, നവീകരണത്തിന്റെയും സംസ്കാരത്തിന്റെയും ആതിഥേയത്വത്തിന്റെയും കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
‘സെലിബ്രേറ്റ് ബഹ്‌റൈൻ’ പരിപാടികളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഈ ഫെസ്റ്റിവലെന്നും ടൂറിസം രംഗം വൈവിധ്യവത്കരിക്കുന്നതിനും ടൂറിസം സെക്ടർ സ്ട്രാറ്റജി 2022-2026ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് വിലയേറിയ മുതൽക്കൂട്ടാണെന്നും ബി.ടി.ഇ.എ ചീഫ് എക്സിക്യൂട്ടിവ് സാറ ബുഹേജി അഭിപ്രായപ്പെട്ടു. ഇന്ന് വൈകീട്ട് 3 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച ഉച്ചക്ക് 1 മുതൽ രാത്രി 10 വരെ തുടരും. അവസാന ദിവസമായ ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

