ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളുടെ ശേഖരവുമായി ഒരു ആരാധകൻ
text_fieldsമനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗമുണ്ടാക്കിയ ഞെട്ടലിൽനിന്ന് സനൂപ് തലശ്ശേരി ഇനിയും മുക്തനായിട്ടില്ല. ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ ആരാധകനായ സനൂപ് ആ ഇഷ്ടം പ്രകടമാക്കിയത് മനാമയിൽ താൻ താമസിക്കുന്ന മുറി നിറയെ ഉമ്മൻ ചാണ്ടിയുടെ വ്യത്യസ്ത ഫോട്ടോകൾ ഒട്ടിച്ചാണ്. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50ാം വാർഷികം ആഘോഷിച്ച വേളയിലാണ് തന്റെ അപൂർവ ശേഖരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്. മനാമയിൽ പഞ്ചനക്ഷത്ര ഹോട്ടലിലാണ് തൃശൂർ ചേലക്കര തലശേരി സ്വദേശിയായ സനൂപ് ജോലി ചെയ്യുന്നത്.
തൃശൂരിൽ വിദ്യാഭ്യാസകാലം മുതൽ കെ.എസ്.യു പ്രവർത്തകനാണ്. ഉമ്മൻ ചാണ്ടിയുടെ ലാളിത്യവും എല്ലാവരോടും അടുത്തിടപഴകുന്ന രീതിയുമാണ് തന്നെ ആകർഷിച്ചതെന്ന് സനൂപ് പറയുന്നു. ചെറുപ്പം തൊട്ടുള്ള ഉമ്മൻ ചാണ്ടിയുടെ നൂറോളം ചിത്രങ്ങൾ മുറിയിൽ പതിച്ചിട്ടുണ്ട്. വിവിധ കാലങ്ങളിൽ വിവിധ ഇടങ്ങളിൽനിന്ന് സമാഹരിച്ചവയാണ് ചിത്രങ്ങൾ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ രമ്യ ഹരിദാസിനുവേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി ആലത്തൂർ മുതൽ കുന്ദംകുളം വരെ 74 കിലോമീറ്റർ പിറകോട്ട് നടന്നും സനൂപ് ശ്രദ്ധ നേടിയിരുന്നു. അന്ന് ചേലക്കരയിൽ ഉമ്മൻ ചാണ്ടി ആ നടത്തത്തിൽ പങ്കുചേർന്നിരുന്നു. അന്നാണ് അദ്ദേഹത്തെ അടുത്ത് പരിചയപ്പെടുന്നത്. പ്രവാസികളുടെ വിവിധ പ്രശ്നപരിഹാരത്തിനുവേണ്ടി ഉമ്മൻ ചാണ്ടിയുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം സഹായിച്ചിരുന്നതായും സനൂപ് ഓർമിക്കുന്നു.

