മുഖ്യമന്ത്രിയുടെ സന്ദർശനം; മികച്ച സ്വീകരണമൊരുക്കിയ നിർവൃതിയിൽ ബഹ്റൈൻ
text_fieldsമനാമ: ഗൾഫ് സന്ദർശനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി മുഖ്യമന്ത്രി ബഹ്റൈനിൽനിന്ന് മടങ്ങിയപ്പോൾ മികച്ച സ്വീകരണമൊരുക്കിയെന്ന ആത്മനിർവൃതിയിലാണ് പവിഴദ്വീപിലെ പ്രവാസികൾ. വെള്ളിയാഴ്ച വൈകീട്ട് കേരളീയ സമാജത്തിൽ മലയാളം മിഷന്റെയും ലോക കേരള സഭയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമത്തിൽ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചെങ്കിലും പ്രവാസികൾ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമായ പ്രഖ്യാപനങ്ങളൊന്നും മുഖ്യമന്ത്രി നടത്തിയില്ലെന്നത് നിരാശയുണ്ടാക്കി.
വേദിയിൽ നിന്ന് പ്രവാസികളെ അഭിവാദ്യം ചെയ്യുന്ന മുഖ്യമന്ത്രി
ഒരു മണിക്കൂറിലധികം സമയം പ്രവാസികളുമായി സംസാരിച്ച അദ്ദേഹം സർക്കാറിന്റെ 10 വർഷത്തെ നേട്ടങ്ങളും നാടിന്റെ പുരോഗതിയുമാണ് വിശദീകരിച്ചത്. വയനാട് ടൗൺഷിപ് പദ്ധതി, നാഷനൽ ഹൈവേ തുടങ്ങിയ പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. നോർക്ക, ലോക കേരളസഭ, മലയാളം മിഷൻ, പ്രവാസി ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെപറ്റി മുഖ്യമന്ത്രി പ്രവാസികളുമായി സംവദിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, ഈ വിഷയങ്ങളിലും പൂർണ നിരാശയായിരുന്നു ഫലം. നിറഞ്ഞുകവിഞ്ഞ സമാജം ഹാളിലും പരിസരത്തും പ്രൗഢമായ സദസ്സും വേദിയും കാത്തിരുന്നതൊന്നും മുഖ്യമന്ത്രി നൽകിയില്ലെന്ന് സാരം. വരാനിരിക്കുന്ന മറ്റ് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനങ്ങളിലാണ് ഇനി പ്രതീക്ഷ.
വ്യാഴാഴ്ച പുലർച്ച ബഹ്റൈനിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്. വ്യഴാഴ്ച ഉച്ചക്ക് അംബാസഡറുടെ വസതിയിൽ ഉച്ചവിരുന്നിനും രാത്രി വ്യവസായി പ്രമുഖൻ ഡോ. വർഗീസ് കുര്യന്റെ വീട്ടിൽ അത്താഴവിരുന്നിനും മുഖ്യമന്ത്രി എത്തിയിരുന്നു. മറ്റ് ഔദ്യോഗിക പരിപാടികളൊന്നും അന്നേദിവസം ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചക്ക് ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ റിഫയിലുള്ള ഉപപ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ സ്വീകരിച്ചു.
കേരളവും ബഹ്റൈനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകൾ അദ്ദേഹവുമായി ചർച്ച ചെയ്തു. ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി, ലുലു ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, ഡോ. വർഗീസ് കുര്യൻ, പി.വി. രാധാകൃഷ്ണ പിള്ള എന്നിവരും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് സമാജത്തിൽ സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമത്തിലേക്ക് ആയിരക്കണക്കിന് പേരാണ് മുഖ്യമന്ത്രിയെ കാണാനും കേൾക്കാനുമായി ഒഴുകിയെത്തിയത്.
മുദ്രാവാക്യം വിളികളും ഹർഷാരവവുമായി നിറഞ്ഞ സദസ്സ് അദ്ദേഹത്തെ നിറമനസ്സോടെ വരവേറ്റു. ചെറുപുഞ്ചിരിയോടെ പ്രവാസികളെ കൈവീശി ആശീർവദിച്ച മുഖ്യമന്ത്രി വിദ്യാർഥികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ സദസ്സിലിരുന്ന് ആസ്വദിച്ചു. പിന്നീട് നടന്ന ഔദ്യോഗിക ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മന്ത്രി സജി ചെറിയാൻ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ ആശംസ അറിയിച്ചും സംസാരിച്ചു.
കേരളവുമായുള്ള ബഹ്റൈൻ ഭരണാധികാരികളുടെ ബന്ധങ്ങളും മലയാളി പ്രവാസികളോടുള്ള പ്രീതിയും ആശംസ പ്രസംഗത്തിൽ എം.എ. യൂസുഫലി ഉണർത്തി. പ്രസംഗത്തിനുശേഷം ഗൾഫ് മാധ്യമം പുറത്തിറക്കിയ സ്പെഷൽ സപ്ലിമെന്റും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചടങ്ങിൽ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ നന്ദി പറഞ്ഞു.
ബഹിഷ്കരിച്ച് യു.ഡി.എഫ് അനുകൂല സംഘടനകൾ
മനാമ: മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം പൂർണമായും ബഹിഷ്കരിച്ച് യു.ഡി.എഫ് അനുകൂല സംഘടനകൾ. ഔദ്യോഗിക പത്രക്കുറിപ്പോടെതന്നെ ബന്ധപ്പെട്ട സംഘടനകൾ പരിപാടി ബഹിഷ്കരിക്കുന്നതായി നേരത്തേ അറിയിച്ചിരുന്നു. സമാജത്തിൽ നടന്ന പ്രവാസി മലയാളി സംഗമത്തിൽ നേതാക്കളോ പ്രവർത്തകരോ അനുഭാവികളോ പങ്കെടുത്തില്ല.
മുഖ്യമന്ത്രി 2017ൽ നടത്തിയ ആദ്യ ബഹ്റൈൻ സന്ദർശനത്തിനിടെ പ്രവാസികൾക്കായി പ്രഖ്യാപിച്ച പല പദ്ധതികളും ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്ന് ആരോപണം ഈ സന്ദർശനവേളയിൽ പ്രതിപക്ഷ അനുകൂല സംഘടനകൾ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ഈ സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതുകൊണ്ടാണ് ബഹിഷ്കരിച്ചതെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.
‘മലയാള ഭാഷതൻ...’ സ്പെഷൽ സപ്ലിമെന്റ് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
മനാമ: മലയാളി പ്രവാസികളുടെ സ്നേഹസംഗമത്തിനെത്തിയ മുഖ്യമന്ത്രിയെ ബഹ്റൈൻ ഗൾഫ് മാധ്യമവും സവിശേഷമായാണ് സ്വീകരിച്ചത്. സന്ദർശത്തിന്റെ പെരുമ വായനക്കാരിലെത്തിച്ച ഗൾഫ് മാധ്യമത്തിന്റെ സ്പെഷ്യൽ സപ്ലിമെന്റ് ‘മലയാള ഭാഷതൻ...’ മുഖ്യമന്ത്രി വേദിയിൽ വെച്ചുതന്നെ പ്രകാശനം ചെയ്തു.
മന്ത്രി സജി ചെറിയാൻ ഗൾഫ് മാധ്യമം സപ്ലിമെന്റ് നോക്കിക്കാണുന്നു
പ്രകാശനവേളയിൽ ‘വിദേശത്ത് ആദ്യമായി ബഹ്റൈനിൽ ഗൾഫ് മാധ്യമം പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ ഓർമ മുഖ്യമന്ത്രി പങ്കുവെച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മന്ത്രി സജി ചെറിയാൻ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, റീജനൽ മാനേജർ ജലീൽ അബ്ദുല്ല, മാർക്കറ്റിങ് മാനേജർ ഷകീബ്, ബ്യൂറോ ചീഫ് ഫായിസ് അബൂബക്കർ എന്നിവർക്ക് നൽകിയാണ് മുഖ്യമന്ത്രി പ്രകാശനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

