നീന്തൽക്കുളങ്ങളുടെ ശുചിത്വം: പരിശോധന ആരംഭിച്ചു
text_fieldsനീന്തൽക്കുളങ്ങളുടെ ശുചിത്വം ഉറപ്പാക്കാനുള്ള പരിശോധന കാമ്പയിനിന്റെ ഭാഗമായി നടന്ന ഉദ്യോഗസ്ഥരുടെ യോഗം
മനാമ: വേനലവധിക്കാലത്ത് നീന്തൽക്കുളങ്ങളുടെ ശുചിത്വം ഉറപ്പാക്കാനുള്ള പരിശോധന ആരംഭിച്ചതായി മുഹറഖ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജാസിം ബിൻ മുഹമ്മദ് അൽ ഖത്തം അറിയിച്ചു. സുരക്ഷിതമായും ബിസിനസ് മാർഗനിർദേശങ്ങൾ പാലിച്ചുമാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാനാണ് പരിശോധന. മറ്റ് സർക്കാർ വകുപ്പുകളുടെ സഹായത്തോടെയാണിത്. ലൈസൻസില്ലാതെയോ നിയമങ്ങൾ ലംഘിച്ചോ കുളങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
ഇവിടങ്ങളിലെ അഗ്നിശമന ഉപകരണങ്ങൾ, പ്രഥമശുശ്രൂഷാ കിറ്റുകൾ, രക്ഷാ ഉപകരണങ്ങൾ, വൈദ്യുതി വയറുകൾ, ഗ്യാസ് പൈപ്പുകൾ, വെള്ളത്തിന്റെ ഗുണനിലവാരം എന്നിവ സംഘം പരിശോധിക്കും. വർധിച്ചുവരുന്ന താപനിലയും ബഹ്റൈനിലുടനീളമുള്ള പൗരന്മാരും താമസക്കാരും സ്വകാര്യ, വാണിജ്യ നീന്തൽക്കുളങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് നടപടി. വേനൽ മാസങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
നീന്തൽക്കുളങ്ങൾ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാറും ചൂണ്ടിക്കാട്ടി. പ്രാദേശിക നീന്തൽക്കുളങ്ങളിൽ നിയമലംഘനങ്ങളോ അസുരക്ഷിത സാഹചര്യങ്ങളോ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാൻ അധികാരികൾ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. കാമ്പയിന്റെ വിജയത്തിന് പൊതുസമൂഹത്തിന്റെ സഹകരണം അത്യന്താപേക്ഷിതമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

