വിദേശ രാജ്യത്തെ അധിക്ഷേപിച്ചു സ്വദേശിക്ക് ആറുമാസം തടവും പിഴയും
text_fieldsമനാമ: വിദേശ രാജ്യത്തെ അധിക്ഷേപിച്ചതിനും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും ബഹ്റൈൻ സ്വദേശിക്ക് ആറുമാസം തടവും 200 ദീനാർ പിഴയും ശിക്ഷ വിധിച്ചു. നാലാം മൈനർ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. മാധ്യമ ചാനലിലൂടെ പ്രതി നടത്തിയ പ്രസ്താവനകളും രണ്ട് വിഡിയോ ക്ലിപ്പുകളും അടിസ്ഥാനമാക്കിയാണ് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ വാദങ്ങൾ നിരത്തിയത്. പ്രതിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയും സാങ്കേതിക തെളിവുകളും ഹാജരാക്കിയിരുന്നു.
അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും അഭിപ്രായസ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കേണ്ട ഒന്നാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിദ്വേഷം പടർത്താനോ ഐക്യം തകർക്കാനോ കലാപമുണ്ടാക്കാനോ വാക്കുകളെ ദുരുപയോഗംചെയ്യരുതെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന സംരക്ഷിക്കുന്നുണ്ടെങ്കിലും, രാജ്യസുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾക്ക് നിയമപരമായ നിയന്ത്രണങ്ങളുണ്ടെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
ഒരു ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ട പ്രതി, അറബ് രാജ്യങ്ങൾക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനംചെയ്തതായും ഫലസ്തീൻ വിഷയത്തിൽ പല അറബ് ഭരണകൂടങ്ങളും ഗൂഢാലോചന നടത്തുകയാണെന്നും കീഴടങ്ങൽ നയമാണ് സ്വീകരിക്കുന്നതെന്നും ആരോപിക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യസുരക്ഷയെയും പൊതുക്രമത്തെയും ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതും വിദേശ രാജ്യങ്ങളെ അപമാനിച്ചതും കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

