മൂലധനത്തിന്റെ ബാധ്യതകളില്ലാത്ത മാധ്യമമായി സിനിമയെ മാറ്റണം -സജീവ് പാഴൂർ
text_fieldsമനാമ: മൂലധനത്തിന്റെ ബാധ്യതകളില്ലാതെ ആശയ പ്രചാരണത്തിനുള്ള മാധ്യമമാക്കി സിനിമയെ മാറ്റണമെന്ന് ദേശീയ-സംസ്ഥാന അവാർഡ് ജേതാവായ പ്രശസ്ത തിരക്കഥാകൃത്ത് സജീവ് പാഴൂർ അഭിപ്രായപ്പെട്ടു. ബഹ്റൈൻ പ്രതിഭ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു കലാരൂപങ്ങളെപോലെ സിനിമ ശാസ്ത്രീയമായ ഒരടിത്തറയുള്ള കലാരൂപമല്ല. കഴിഞ്ഞ നൂറ്റാണ്ടിൽ രംഗത്തുവന്ന, വിൽപനക്കു പറ്റിയ ഒരു കമ്പോള ഉൽപന്നമെന്ന നിലയിലാണ് സിനിമ ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മൂലധനമിറക്കുന്നവർക്ക് ലാഭം ഉറപ്പുകൊടുക്കേണ്ട ബാധ്യത സിനിമാപ്രവർത്തർക്കുണ്ട്. പൂർണമായും ആശയപ്രചാരണത്തിന് ഉപയോഗിക്കാവുന്ന ഒരു മാധ്യമമായി എഴുത്തുകാരൻ ആഗ്രഹിച്ചാൽപോലും സാധ്യമാകാതെ വരുന്നുണ്ട്. സ്റ്റേറ്റ് സിനിമകൾ നിർമിച്ച് വിതരണം ചെയ്യുന്ന സാഹചര്യത്തിലേക്കു മാറിയാൽ ആ സ്ഥിതിക്ക് ഏറക്കുറെ മാറ്റമുണ്ടാകാം. കേരള സർക്കാർ കഴിഞ്ഞ വർഷം സ്ത്രീ സംവിധായകരുടെ മൂന്നു ചലച്ചിത്രങ്ങൾക്ക് അത്തരത്തിൽ പ്രോത്സാഹനം നൽകിയത് പ്രതീക്ഷാനിർഭരമായ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അവാർഡ് നേടിയ നിർമ്മാല്യം പോലുള്ള സിനിമകളുടെ അവസാന ഭാഗം ഒഴിവാക്കി മാത്രം കാണിക്കാൻ സാധിക്കുന്ന സാമൂഹിക സാഹചര്യത്തിലേക്ക് നാം എത്തി നിൽക്കുകയാണ്. അത് നമ്മുടെ സമൂഹം എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിന്റെ സൂചനയാണ്. ജാതി അപകടകരമായ രീതിയിൽ നമ്മുടെ സിനിമാമേഖലയിലും സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു കഥാപാത്രത്തിന് പേരിടുന്നതുപോലും സിനിമാ എഴുത്തുകാർക്ക് വലിയ വെല്ലുവിളിയാണ്. തമിഴ് സിനിമാരംഗത്ത് സമീപകാലത്ത് കണ്ടുവരുന്ന മുന്നേറ്റങ്ങൾ പ്രതീക്ഷാനിർഭരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് സദസ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പ്രതിഭ ഹാളിൽ നടന്ന പരിപാടിയിൽ പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ സംസാരിച്ചു. പ്രതിഭ ഫിലിം ക്ലബ് കൺവീനർ സുലേഷ് സ്വാഗതം പറഞ്ഞു.