ഹോസ്റ്റലിലെ ‘ചങ്ക്സ്’
text_fieldsആലപ്പുഴ ജില്ലയിലെ ചാരമംഗലം എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. അടുത്തൊന്നും മുസ്ലീം കുടുംബങ്ങൾ ഇല്ലാതിരുന്നതിനാൽ കുട്ടിക്കാലത്ത് ഒരു നോമ്പുതുറയോ പെരുന്നാളോ ഒന്നും കാണാനോ അറിയാനോ ഭാഗ്യമുണ്ടായില്ല. പക്ഷേ എഞ്ചിനീയറിങ്ങിന് ചേർന്നപ്പോൾ ആ സങ്കടം മാറി. കുറേ മുസ്ലീം സുഹൃത്തുക്കളെ ക്ലാസിലും ഹോസ്റ്റൽ മുറിയിലുമായി അടുത്തു പരിചയപ്പെടാനും, ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ ‘ചങ്ക്സ്’ആക്കാനും കഴിഞ്ഞു.
ഹോസ്റ്റലിൽ ഞങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്, മെസ് വാർഡനായി സ്റ്റുഡൻസിനിടയിൽ നിന്നുള്ള ഒരാളെയാവും ഓരോ മാസവും തിരഞ്ഞെടുക്കുക. അങ്ങിനെ ഒരു നോമ്പു കാലത്ത് ഞങ്ങൾ ഒന്നാംവർഷത്തെ മൂന്നുപേരായിരുന്നു മെസ് വാർഡൻസ്. മെസ് വാർഡനാണ് സർവേ ചെയ്ത് വിഭവങ്ങളുടെ പട്ടികയും അടുക്കള, പലചരക്ക് സാധനങ്ങളുടെ പട്ടിയും തയ്യാറാക്കുന്നതും. നോമ്പു കാലത്ത് , നോമ്പു പിടിയ്ക്കുന്ന കുട്ടികൾക്കായി പ്രത്യേക വിഭവങ്ങൾക്ക് അനുമതിയുണ്ടെങ്കിലും അവ പാചകം ചെയ്തു കൊടുക്കാൻ ആളെ നിയമിച്ചിരുന്നില്ല.
എെൻറ ബാച്ചിൽ നിന്ന് നോമ്പു പിടിച്ചിരുന്നവർ ഏഴു പേരാണ്. ഹോസ്റ്റൽ ജീവിതത്തിെൻറ തുടക്കം മുതൽ ഞങ്ങളൊരുമിച്ചിരുന്നേ ഭക്ഷണം കഴിച്ചിരുന്നുള്ളു. പക്ഷേ നോമ്പു തുടങ്ങിയപ്പോൾ ആ പതിവ് മാറി. നോമ്പുതുറ കഴിഞ്ഞ് ഹോസ്റ്റലിലെ സാധാരണ ഭക്ഷണം തന്നെയാണ് അവർ കഴിച്ചിരുന്നത്. പിന്നീട് പുലർച്ചെ കഴിയ്ക്കാനുള്ള ഭക്ഷണം അവർ സ്വയം സ്വയം പാചകം ചെയ്യേണ്ട അവസ്ഥയായിരുന്നു.
ഹോസ്റ്റൽ ഭക്ഷണത്തിലെ അസംതൃപ്തി മറികടന്ന് നോമ്പെടുക്കുന്ന സുഹൃത്തുക്കൾക്ക് കഴിയുന്ന പിന്തുണ കൊടുക്കാൻ ഞങ്ങൾ കുറച്ചുപേർ തീരുമാനിച്ചു. അങ്ങിനെ ഞങ്ങളുടെ ബാച്ചിൽ നിന്നുള്ള എട്ടുപേർ ചേർന്ന് ,കൂട്ടുകാരികൾക്കു പുലർച്ചെ കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കുന്നത് പതിവായി. കൂടെ നോമ്പുകാരും കൂടാറുണ്ടെങ്കിലും ഞങ്ങൾ പാചകം വിട്ടുകൊടുത്തില്ല. കളിയും ചിരിയും സ്നേഹവും ഒക്കെയായി പരസ്പരം അത്രമേൽ സൗഹൃദം ദൃഢപ്പെടാൻ കാരണമായതും ആ നാളുകൾ തന്നെ.
ജീവിതത്തിൽ ഒരിയ്ക്കലും മറക്കാനാവാത്ത ചില ദിവസങ്ങളാണ് അതെല്ലാമെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ സംഗതി അവിടം കൊണ്ട് നിന്നില്ല എന്നത് സന്തോഷം ഇരട്ടിയാക്കി. ഞങ്ങളുടെ ആ സൗഹൃദ പാചകം ഹോസ്റ്റലിൽ തരംഗമായി. ഞങ്ങളുടെ സീനിയേഴ്സും നോമ്പുതുറ ഭക്ഷണം തയ്യാറാക്കാനുള്ള കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങി, അതോടെ നോമ്പുള്ള പെൺകുട്ടികൾക്ക് വേണ്ട ഭക്ഷണം ഹോസ്റ്റൽ ചുമതലയായി കണക്കിലെടുത്ത് ഓരോ ദിവസവും ആറു പേർ വീതമുള്ള ഓരോ ഗ്രൂപ്പ്പാചകത്തിനായി സ്വയം മുന്നോട്ടു വരാനും തുടങ്ങി. നോമ്പുതുറ സമയത്ത് കഴിയ്ക്കാൻ പ്രത്യേക ഭക്ഷണം തയ്യാറാക്കിയതൊക്കെ ഞങ്ങളെ സംബന്ധിച്ച് ഒരു പാട് സന്തോഷം തന്ന കാര്യങ്ങളായിരുന്നു.
പെരുനാളിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ജാതിമത ഭേദമന്യേ അവർക്കൊപ്പം ഞങ്ങൾ കുറേ പേരെങ്കിലും നോമ്പെടുത്തത് ഞങ്ങൾക്കൊക്കെ ഒരു പുതിയ അനുഭവമായി. ജീവിതത്തിലാദ്യമായി ,ഭക്ഷണവും വെള്ളവുമൊക്കെ ത്യജിച്ച് നോമ്പെടുത്ത അന്നാണ് ഈ ലോകത്ത് പട്ടിണിയിൽ ജീവിയ്ക്കുന്നവരുടെ ഗതികേടും സങ്കടവും മനസ്സിലായത് എന്നതാണ് സത്യം.
അന്നു മുതൽ ഇന്നോളം ഞങ്ങൾ 15 പേരുടെ ആ സൗഹൃദം ഒരു കോട്ടവും തട്ടാതെ തുടരുന്നു. തിരുവാതിരപ്പുഴുക്ക് മുതൽ തരിക്കഞ്ഞിയും വരെ മര്യാദയ്ക്ക് പാചകം ചെയ്യാനും പഠിച്ചത് ആ സൗഹൃദവലയത്തിലാണ്. നിസ്കാരവും സഹസ്ര നാമവും കൊന്ത ചൊല്ലലും ഹോസ്റ്റലിലെ ഒറ്റമുറിയ്ക്കുള്ളിൽ തന്നെ ആയിരുന്ന ആ നാളുകളിൽ തീർച്ചയായും എല്ലാ ദിവസവും ഞങ്ങൾക്ക് പെരുനാൾ തന്നെയായിരുന്നു. ആ പെരുനാൾ ദിനങ്ങളുടെ ഓർമ്മകൾ നുണഞ്ഞു കൊണ്ട് തന്നെ എല്ലാവർക്കും ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ നേരട്ടെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
