ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
text_fieldsവോയ്സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
ക്രിസ്മസ്-പുതുവത്സര ആഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ‘സ്നേഹദൂത്’ എന്ന പേരിൽ സൽമാനിയ കലവറ റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന ആഘോഷ പരിപാടികളിൽ ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും വോയ്സ് ഓഫ് ആലപ്പി കുടുംബങ്ങളുമടക്കം നൂറിലധികം പേർ പങ്കെടുത്തു.
വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. ക്രിസ്മസ് സന്ദേശം നൽകി സംസാരിച്ച റവ. ഫാദർ അനീഷ് സാമുവൽ ജോൺ, മനുഷ്യൻ എവിടെ ജനിക്കുന്നു, എവിടെ ജീവിക്കുന്നു എന്നതിലല്ല, ജീവിക്കുന്ന ഇടത്തും കാലത്തും സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ ജീവിതം വിനിയോഗിക്കുന്നതിലാണ് യഥാർഥ അർഥമെന്ന് പങ്കെടുത്തവരെ ഉദ്ബോധിപ്പിച്ചു.
സംഘടന രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ കേക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ സാബു ചിറമേൽ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ബോണി മുളമ്പാപ്പള്ളിയും ചേർന്ന് വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു.
പരിപാടിയുടെ കോഓഡിനേറ്റർ ഗോകുൽ മുഹറഖ് ആശംസകൾ അർപ്പിച്ചു. എന്റർടൈൻമെന്റ് സെക്രട്ടറിയും ബഹ്റൈനിലെ കലാരംഗത്തെ സജീവ സാന്നിധ്യവുമായ ദീപക് തണൽ നന്ദി രേഖപ്പെടുത്തി.
തുടർന്ന് നടന്ന കലാപരിപാടികളിൽ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും ഗാനങ്ങളും ഉൾപ്പെടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ചടങ്ങിൽ നടന്നു. വിഭവസമൃദ്ധമായ സദ്യയോടെ ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

