ക്രിസ്മസ് ആഘോഷ രാവ്; ബഹ്റൈനിൽ വിവിധ പരിപാടികൾ
text_fieldsക്രിസ്മസിനെ വരവേറ്റുകൊണ്ട് ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ തയാറാക്കിയ പുൽക്കൂട്
മനാമ: ലോകമെങ്ങുമുള്ള വിശ്വാസികളോടൊപ്പം ബഹ്റൈനിലും ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കും. ബഹ്റൈനിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ ക്രിസ്മസ് ആരാധനയിൽ പങ്കുചേരും. ബഹ്റൈൻ സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ചിൽ 24ന് രാത്രി 8.30ന് ക്രിസ്മസ് ശുശ്രൂഷകൾ നടക്കും. ഇസ ടൗൺ സേക്രഡ് ഹാർട്ട് സ്കൂൾ ഗ്രൗണ്ടിൽ 24ന് വൈകീട്ട് 7.30ന് കരോൾ നടക്കും.
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ക്രിസ്മസ് ശുശ്രൂഷകൾ 24ന് വൈകീട്ട് ആറു മുതൽ നടക്കും. ബഹ്റൈൻ കേരള സമാജത്തിൽ വെച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബേത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹവികാരി ഫാദർ പി.എൻ. തോമസ് കുട്ടി എന്നിവരുടെ സഹ കാർമികത്വത്തിലും നടക്കും.
സന്ധ്യനമസ്കാരം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബാന, പ്രദക്ഷിണം, നേർച്ചവിളമ്പ് എന്നിവ നടക്കുമെന്ന് ട്രസ്റ്റി റോയി ബേബി, സെക്രട്ടറി എം.എം. മാത്യു എന്നിവർ അറിയിച്ചു.ബഹ്റൈൻ മാർത്തോമ പാരീഷിൽ 24ന് വൈകീട്ട് എട്ടു മുതൽ വിശുദ്ധ കുർബാനയും ക്രിസ്മസ് ആരാധനയും നടക്കും. സഹവികാരി റവ. ബിബിൻസ് മാത്യു ഓമനാലി ശുശ്രൂഷകൾ നിർവഹിക്കും. വികാരി റവ. ബിജു ജോൺ ക്രിസ്മസ് സന്ദേശവും നൽകും.
ബഹ്റൈൻ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ 24ന് വൈകീട്ട് ആറു മുതൽ സന്ധ്യനമസ്കാരവും തുടർന്ന് ക്രിസ്മസ് ശുശ്രൂഷ, വിശുദ്ധ കുർബാന, ക്രിസ്മസ് സന്ദേശം എന്നിവ നടക്കും. പാത്രിയാർക്കിസ് ബാവായുടെ സെക്രട്ടറി മാർകോസ് മാർ ക്രിസ്റ്റഫോറസ് മെത്രാപോലീത്തായുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി റവ. ഫാദർ ജോൺസ് ജോണിന്റെ സഹ കാർമികത്വത്തിലുമാണ് ശുശ്രൂഷകൾ.
ക്രിസ്മസ് വിരുന്നും ക്രമീകരിച്ചിട്ടുണ്ടന്ന് ഭാരവാഹികൾ അറിയിച്ചു.ബഹ്റൈൻ മലയാളി സി.എസ്.ഐ പാരീഷിൽ 24ന് വൈകീട്ട് 7.30ന് വികാരി റവ. മാത്യുസ് ഡേവിഡിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടി ക്രിസ്മസ് ശുശ്രൂഷകൾ നടക്കും. ഇടവകയിലെ എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും ക്രിസ്മസ് ഡിന്നറും ക്രമീകരിക്കുന്നുണ്ട്.
ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് കനാനായ ദേവാലയത്തിന്റെ ക്രിസ്മസ് ശുശ്രൂഷകൾ 24ന് വൈകീട്ട് 6.30 മുതൽ കേരള കാത്തലിക് അസോസിയേഷൻ ഹാളിൽ നടക്കും.
വികാരി ഫാദർ സണ്ണി ജോർജിന്റെ കാർമികത്വത്തിൽ സന്ധ്യനമസ്കാരം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവ നടക്കും.ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ പാരീഷിൽ ക്രിസ്മസ് ശുശ്രൂഷകൾ 24ന് വൈകീട്ട് 7.30 മുതൽ വികാരി റവ. മാത്യു ചാക്കൊയുടെ കാർമികത്വത്തിൽ നടക്കും.
ബഹ്റൈൻ സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് ദേവാലയത്തിന്റെ ക്രിസ്മസ് ശുശ്രൂഷകൾ സെന്റ് ക്രിസ്റ്റഫർ കത്തീഡ്രലിൽവെച്ച് വൈകീട്ട് 7.30ന് വികാരി റവ. അനുപ് സാമിന്റെ കാർമികത്വത്തിൽ നടക്കും.

