ചൈന- ബഹ്റൈൻ വ്യവസായിക സഹകരണം ശക്തമാക്കും
text_fieldsചൈനയിലെ സിയാമെനിൽ നടന്ന ചൈന-ജി.സി.സി ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു സംസാരിക്കുന്നു
മനാമ: വ്യവസായിക മേഖലയിൽ ചൈനീസ് നിക്ഷേപം കൊണ്ടുവരാനുള്ള ഗൾഫ് മേഖലയുടെ പ്രതിബദ്ധതയുടെയും താൽപര്യത്തിന്റെയും പ്രതീകമാണ് ചൈന-ജി.സി.സി ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫോറമെന്ന് ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു പറഞ്ഞു. ചൈനയിലെ സിയാമെനിൽ നടന്ന ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായിക , വ്യാപാര മേഖലയിൽ ബഹ്റൈനും ചൈനയുമായി മികച്ച ബന്ധമാണുള്ളത്. മൂല്യവർധിത വ്യവസായങ്ങളിൽ ബഹ്റൈൻ ശ്രദ്ധപതിപ്പിക്കുന്നു.
സ്വതന്ത്ര വ്യാപാരകരാറുകളും ബിസിനസ് സൗഹൃദ അന്തരീക്ഷവും ബഹ്റൈനെ നിക്ഷേപകരുടെ ആകർഷണ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റലൈസേഷനും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ വ്യവസായത്തിന് സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്. ജി.സി.സി രാജ്യങ്ങൾ വ്യവസായിക മേഖലയിൽ ഒന്നിച്ചുപ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉൗന്നിപ്പറഞ്ഞു. ചൈനയുടെ ദേശീയ വികസന പരിഷ്കരണ കമീഷനും ഫുജിയൻ പ്രവിശ്യ ഗവൺമെന്റും സംയുക്തമായാണ് ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നത്. ചൈനയും ജി.സി.സിയും തമ്മിലുള്ള വ്യവസായിക, നിക്ഷേപ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് ഫോറത്തിൽ വിശദ ചർച്ച നടന്നു. ചൈനയും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള ഉയർന്ന നിലവാരമുള്ള വ്യവസായിക, നിക്ഷേപ സഹകരണം വികസിപ്പിക്കുക, പ്രായോഗിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് ഫോറം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

