കുട്ടികൾക്ക് അമ്മമാരുടെ പൗരത്വം നൽകണം
text_fieldsഎം.പി ഹസ്സൻ ബുഖമ്മാസ്
മനാമ: പ്രവാസിയായ പുരുഷനെ വിവാഹം കഴിച്ച ബഹ്റൈനി യുവതിയുടെ മക്കൾക്ക് അവരുടെ അമ്മമാരുടെ പൗരത്വം നൽകണമെന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നു.
വിഷയം ഗൗരവമായി പരിഗണിക്കുമെന്നും 1965ലെ കുടിയേറ്റ താമസക്കാർക്കുള്ള താമസ നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുമെന്നും പാർലമെന്റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അധ്യക്ഷൻ എം.പി ഹസ്സൻ ബുഖമ്മാസ് പറഞ്ഞു. ഗുദൈബിയയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്പോർട്ട് ആവശ്യവുമായി ബന്ധപ്പെട്ട നിയമക്കുരുക്കിലകപ്പെട്ട ഇത്തരം കുടുംബങ്ങളിലെ കുട്ടികളുടെ പൗരത്വത്തിനായുള്ള ഭേദഗതികൾ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയവുമായി വിശദമായ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം കുട്ടികൾ ഇവിടെ പൗരന്മാരായി തന്നെ തുടരണമെന്ന ആവശ്യത്തെ ഞങ്ങൾ പിന്തുണക്കുന്നു, അവരുടെ പിതാവിന്റെ മാതൃരാജ്യവുമായി അവർക്ക് ഒരു ബന്ധവുമുണ്ടാകില്ല, ബഹ്റൈനിലും അവരെ അപരിചിതരായി കാണുന്നത് ശരിയല്ലെന്നും ബുഖമ്മാസ് പറഞ്ഞു. നിലവിൽ രാജ്യം അവർക്ക് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ പൊതു സേവനങ്ങൾ നൽകുന്നുണ്ടെങ്കിലും പൗരത്വമില്ലായ്മ അവരെ അപൂർണമാക്കുന്നുണ്ട്.
ഈ ആവശ്യം രാജ്യത്ത് ശക്തമായി ഉയരുന്നുണ്ട്. കുട്ടികൾക്ക് പൗരത്വം നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപരമായ പരിഷ്കരണം നടത്തണമെന്ന് പല മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം വേനലവധി കഴിഞ്ഞിട്ടുള്ള പാർലമെന്റ് സമ്മേളനത്തിൽ ചർച്ചക്കിടുമെന്നും ഈ പരിഷ്കരണം ബഹ്റൈന്റെ പൗരത്വ നിയമത്തിൽ ഒരു വലിയ മാറ്റം കൊണ്ടുവരും, ബഹ്റൈനെ സ്വന്തം വീടായി കാണുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യുമെന്നും എം.പി പറഞ്ഞു.
നിലവിൽ ബഹ്റൈനി പിതാവിന്റെ പൗരത്വമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. അവരുടെ അമ്മമാർ പ്രവാസികളാണെങ്കിലും പ്രശ്നമില്ല.
നേരത്തെ ഇതുമായി ബന്ധപ്പെട്ട കാമ്പയിനുകൾക്ക് മനുഷ്യാവകാശ സംഘടനകൾ, ബഹ്റൈൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി, ബഹ്റൈൻ വിമൻസ് യൂനിയൻ, ബഹ്റൈൻ യങ് ലേഡീസ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

