ബഹ്‌റൈനിൽ കുട്ടികളിലെ അമിതവണ്ണം ആശങ്കാജനകം; കർശന നിയമങ്ങൾ നടപ്പിലാക്കാൻ ആരോഗ്യ വിദഗ്ധരുടെ നിർദേശം
text_fieldsമനാമ: ബഹ്‌റൈനിൽ കുട്ടികൾക്കിടയിൽ അമിതവണ്ണവും ശരീരഭാരവും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങളും നയരൂപീകരണവും വേണമെന്ന് ആരോഗ്യ വിദഗ്ധർ. രാജ്യത്തെ കുട്ടികളിൽ 40 ശതമാനത്തിലധികം പേർ അമിതഭാരമുള്ളവരാണെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിലാണിത്.
‘ആരോഗ്യമുള്ള ഭാവി രൂപപ്പെടുത്താം’ എന്ന പ്രമേയത്തിൽ ആരംഭിച്ച രണ്ടാമത് ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബീസിറ്റി കോൺഫറൻസിലാണ് ഈ വിഷയം ചർച്ചയായത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രമുഖ ആരോഗ്യ വിദഗ്ധരും ഗവേഷകരും സമ്മേളനത്തിൽ പങ്കെടുത്തു. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ആരോഗ്യ മന്ത്രി ഡോ. ജലീല അൽ സയ്യിദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിലെ പീഡിയാട്രിക് വിഭാഗം മേധാവി പ്രൊഫ. ഹയാ അൽഖയ്യാത്ത് അവതരിപ്പിച്ച കണക്കുകൾ പ്രകാരം, 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളിൽ 43 ശതമാനവും അമിതഭാരമുള്ളവരാണ് (ആൺകുട്ടികൾ 24.3%, പെൺകുട്ടികൾ 20.8%). 5 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികളിൽ മൂന്നിലൊന്നിലധികം പേർ ഈ ഭീഷണി നേരിടുന്നു.
മുൻപ് മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഇൻസുലിൻ റെസിസ്റ്റൻസ്, ടൈപ്പ്-2 പ്രീ-ഡയബറ്റിസ് തുടങ്ങിയ അവസ്ഥകൾ ഇപ്പോൾ കുട്ടികളിലും വ്യാപകമായി കണ്ടുവരുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള ജങ്ക് ഫുഡ്, മധുരപലഹാരങ്ങൾ എന്നിവയുടെ വിപണനത്തിനും പരസ്യങ്ങൾക്കും ശക്തമായ നിയന്ത്രണം വേണമെന്ന് പബ്ലിക് ഹെൽത്ത് ഫിസിഷ്യൻ ഡോ. ഇബ്തിഹാൽ ഫാദിൽ ആവശ്യപ്പെട്ടു.
കൂടാതെ, യു.എ.ഇ മാതൃകയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ച് ശീതളപാനീയങ്ങൾക്ക് നികുതി ചുമത്തണം. ഭക്ഷ്യ ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളെക്കുറിച്ചും പഞ്ചസാരയുടെ അളവിനെക്കുറിച്ചും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലുള്ള ഫ്രണ്ട്-ഓഫ്-പാക്ക് ലേബലിംഗ് നിർബന്ധമാക്കണം.
സ്കൂളുകളിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കുകയും ജങ്ക് ഫുഡുകൾ ഒഴിവാക്കുകയും ചെയ്യുക തുടങ്ങി കുട്ടികൾക്ക് ദിവസവും കുറഞ്ഞത് 60 മിനിറ്റെങ്കിലും ശാരീരിക വ്യായാമം ഉറപ്പാക്കുക. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്‌ക്രീൻ ടൈം പൂർണ്ണമായും ഒഴിവാക്കാനും, 2 മുതൽ 4 വയസ്സ് വരെയുള്ളവർക്ക് ഇത് ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനും ഡോക്ടർമാർ നിർദേശിച്ചു.
ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാൻ കുട്ടികളെ മാത്രം ഉപദേശിച്ചതുകൊണ്ട് കാര്യമില്ലെന്നും, അവരിലൊരു മാറ്റം കൊണ്ടുവരാൻ ഇടപെടലുകൾ അത്യന്താപേക്ഷിതമാണെന്നും വിദഗ്ധർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

