കാറിനുള്ളിൽ കുട്ടി മരിച്ച സംഭവം; വനിതാ ഡ്രൈവർക്കെതിരെയുള്ള കൊലപാതകക്കുറ്റം ഒഴിവാക്കി കോടതി
text_fieldsമനാമ: ബഹ്റൈനിലെ ഡെമിസ്താനിൽ സ്കൂൾ വാഹനത്തിനുള്ളിൽ നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡ്രൈവറായ സ്വദേശി വനിതക്കെതിരെയുള്ള നരഹത്യ കുറ്റം കോടതി ഔദ്യോഗികമായി ഒഴിവാക്കി.
കുട്ടിയുടെ മാതാപിതാക്കൾ ഡ്രൈവർക്ക് മാപ്പുനൽകിയതിനെ തുടർന്നാണ് ഹൈ ക്രിമിനൽ കോടതിയുടെ ഈ നിർണായക വിധി. നാലര വയസ്സുകാരൻ ഹസൻ അൽ മഹരി മരിച്ച സംഭവത്തിൽ പ്രതിയായ 40 വയസ്സുകാരിയെ തങ്ങൾ ക്ഷമിച്ചതായും അവർക്കെതിരെ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും കുട്ടിയുടെ മാതാപിതാക്കൾ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച സത്യവാങ്മൂലം പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. മൂന്ന് കുട്ടികളുടെ അമ്മയായ പ്രതിയോടുള്ള മാനുഷിക പരിഗണന വെച്ചാണ് മാപ്പുനൽകുന്നതെന്ന് ഹസന്റെ പിതാവ് വ്യക്തമാക്കി. നരഹത്യ കുറ്റത്തിൽ നിന്ന് വനിതയെ ഒഴിവാക്കി കേസ് അവസാനിപ്പിച്ചു. അനുമതിയില്ലാതെ, വിദ്യാർഥികളുമായി അനധികൃത ട്രാൻസ്പോർട്ടേഷൻ സർവിസ് നടത്തിയതിന് ഇവർക്ക് 300 ദീനാർ കോടതി പിഴ ചുമത്തി. സിവിൽ കോടതിയിൽ നിന്ന് നഷ്ടപരിഹാരം തേടാനുള്ള അവകാശവും മാതാപിതാക്കൾ വേണ്ടെന്നുവെച്ചു.
ഒക്ടോബർ 13നാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ കിന്റർഗാർട്ടനിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനിടെ, ഹസൻ സീറ്റിൽ ഉറങ്ങിപ്പോയിരുന്നു. ഇതറിയാതെ ഡ്രൈവർ കാർ ലോക്ക് ചെയ്ത് ജോലിക്ക് പോയി. 34 ഡിഗ്രി സെൽഷ്യസ് ചൂടിൽ മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ കുട്ടി ശ്വാസംമുട്ടിയും ഹീറ്റ് സ്ട്രോക്ക് മൂലവും മരിക്കുകയായിരുന്നു.
ഭർത്താവ് സൗദിയിൽ തടവിൽ കഴിയുന്നതിനാൽ കുടുംബം പുലർത്താൻ വേണ്ടിയാണ് ഇവർ ഇത്തരം ജോലികൾ ചെയ്തിരുന്നതെന്ന് കോടതിയിൽ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

