മുഖ്യമന്ത്രിക്ക് ബഹ്റൈനിൽ ഊഷ്മള സ്വീകരണം; പ്രതീക്ഷയിൽ പ്രവാസി മലയാളികൾ
text_fieldsബഹ്റൈനിലെത്തിയ മുഖ്യമന്ത്രിയെ സ്വാഗതസംഘം ചെയർമാൻ പി.വി. രാധാകൃഷ്ണപിള്ള വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മനാമ: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം നൽകി പ്രമുഖർ. വ്യാഴാഴ്ച പുലര്‍ച്ച 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കൺവീനർ പി. ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണപിള്ള, ലോക കേരള സഭാ അംഗം സുബൈർ കണ്ണൂർ, ബഹ്റൈന്‍ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കൺട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ബഹ്റൈനിലെത്തിയ മുഖ്യമന്ത്രിയെ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ
സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് 6.30ന് ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ്, മന്ത്രി സജി ചെറിയാന്, എം.എ. യൂസുഫ് അലി എന്നിവര്‍ വിശിഷ്ടാതിഥികളാകും.
പ്രൗഢ ഗംഭീരമായ സദസ്സും വേദിയും ഒരുക്കിയാണ് ബഹ്റൈൻ മലയാളി പ്രവാസികൾ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്.
ആയിരക്കണക്കിന് മലയാളികളെ പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഒരുക്കമെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജവും പരിസരവും പ്രേക്ഷകർക്കായി സജ്ജമാക്കിയിട്ടുണ്ട്. ഹാളിന് പുറത്ത് എൽ.ഇ.ഡി സ്ക്രീനും സ്ഥാപിച്ചിട്ടുണ്ട്.
എട്ടു വർഷത്തിനു ശേഷം വീണ്ടും ബഹ്റൈനിലെത്തുന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്.
ബഹ്റൈനിലെയും പൊതുവില്‍ ഗള്‍ഫ് പ്രവാസികളുടെയും പലവിധ പ്രശ്നങ്ങള്‍ നിവേദനമായി നൽകാനുള്ള ഒരുക്കം സംഘാടകരും ബഹ്റൈൻ പ്രതിഭയും നടത്തിയിരുന്നു. നിരവധി നിവേദനങ്ങൾ അതുവഴി ലഭിച്ചിട്ടുണ്ട്. പുതുതായി പ്രവാസികൾക്കനുകൂലമായ പല കാര്യങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലും കൂടിയാണ് മലയാളികൾ.
അതേസമയം, രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള യാത്രയാണിതെന്ന ആരോപണവുമായി കെ.എം.സി.സി, ഒ.ഐ.സി.സി, ഐ.വൈ.സി തുടങ്ങിയ ബഹ്റൈനിലെ യു.ഡി.എഫ് അനുകൂല സംഘടനകൾ മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

