ചരക്ക് ഗതാഗത ബിൽ മുടക്കി; ബഹ്റൈൻ കമ്പനി 46,000 ദീനാർ നഷ്ടപരിഹാരം നൽകണം
text_fieldsമനാമ: പ്രമുഖ ഷിപ്പിങ് കമ്പനിക്ക് ചരക്ക് ഗതാഗത ബില്ലുകൾ നൽകാതിരുന്ന ബഹ്റൈൻ കമ്പനി 46,031.320 ദീനാറും പലിശയും നിയമപരമായ ചെലവുകളും നൽകണമെന്ന് ഹൈ സിവിൽ കൊമേഴ്സ്യൽ കോടതി ഉത്തരവ്. 2021നും 2024നും ഇടയിൽ ബഹ്റൈനിൽ നിന്ന് അമേരിക്കയിലേക്ക് നടത്തിയ ആറ് വിമാന ചരക്ക് സേവനങ്ങളുടെ ബില്ലുകൾ തീർപ്പാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. ബില്ലുകളുടെ ഒരു ഭാഗം അടച്ചെങ്കിലും ബാക്കിയുള്ള തുക കുടിശ്ശികയായി തുടർന്നു. നിയമപരമായ ചെലവായ 200 ദീനാറിന് പുറമെ, കുടിശ്ശികയായ തുകയും പൂർണമായി അടച്ചുതീർക്കുന്നതുവരെ പ്രതിവർഷം നാലു ശതമാനം പലിശയും നൽകണമെന്ന് കോടതി വിധിച്ചു.
അതേസമയം, കുടിശ്ശികക്ക് വ്യക്തിപരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കമ്പനി പങ്കാളികളെ കൂടി കേസിൽ പ്രതിചേർക്കണമെന്ന ഷിപ്പിങ് കമ്പനിയുടെ ആവശ്യം കോടതി തള്ളി. ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയുടെ പങ്കാളികളുടെ ബാധ്യത വ്യക്തമായ തെളിവുകളിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും, ഈ കേസിൽ അത്തരം തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. തട്ടിപ്പ്, നഷ്ടം മറച്ചുവെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ മാത്രമേ പങ്കാളികൾക്ക് വ്യക്തിപരമായ ബാധ്യതയുണ്ടാകൂവെന്നും കോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

