ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
തൊഴിൽ കരാർ അവസാനിക്കുന്നതിന് മുമ്പ് തൊഴിൽ മാറാൻ
? തൊഴിൽ കരാർ രണ്ട് വർഷത്തേക്ക് ആണെങ്കിൽ ഒരു വർഷം പൂർത്തിയായ ശേഷം നമുക്ക് വേറെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുമോ
റഫീഖ് വടകര
ഒരുവർഷം പൂർത്തിയായതിനുശേഷം വേറെ ജോലിക്ക് പോകാൻ സാധിക്കും. അതിന് കരാർ പ്രകാരമുള്ള നോട്ടീസ് തൊഴിലുടമക്ക് നൽകണം. അല്ലെങ്കിൽ മൂന്നുമാസത്തെ നോട്ടീസ് നൽകണം. നോട്ടീസ് തൊഴിലുടമക്ക് രജിസ്റ്റേഡ് ആയി തൊഴിലുടമയുടെ സി ആറിലുള്ള അഡ്രസിൽ വേണം അയക്കാൻ. നോട്ടീസ് കാലാവധി കഴിയുമ്പോൾ പുതിയ തൊഴിലുടമക്ക്, താങ്കൾക്കുവേണ്ടി എല്ലാ രേഖകളും സഹിതം എൽ.എം.ആർ.എയിൽ തൊഴിൽ വിസക്ക് അപേക്ഷ നൽകാൻ സാധിക്കും. തൊഴിൽ ഉടമയുടെ രേഖകളുടെ കൂടെ താങ്കൾ നൽകിയ നോട്ടീസിന്റെയും രജിസ്റ്റർ ആയി അയച്ച പിങ്ക് കാർഡിന്റെയും കോപ്പി വെക്കണം. നോട്ടീസ് തൊഴിലുടമ സ്വീകരിച്ചിട്ടില്ലെങ്കിൽ തിരികെ ലഭിച്ച നോട്ടീസും പിങ്ക് കാർഡും കൊടുക്കണം.
താങ്കളുടെ തൊഴിൽ കരാറിലെ വ്യവസ്ഥകൾ എല്ലാം ശരിയായി പഠിച്ച ശേഷം മാത്രമേ കരാർ റദ്ദ് ചെയ്യുവാൻ നോട്ടീസ് നൽകാവൂ. പുതിയ വിസ ലഭിക്കുന്നതുവരെ നിലവിലുള്ള തൊഴിലുടമയുടെ കൂടെ ജോലി ചെയ്യണം.
ജഡ്ജ്മെന്റ് പ്രകാരമുള്ള പൈസ ലഭിക്കാൻ
? ബഹ്റൈനിൽ വെച്ച് 2008ൽ എനിക്കൊരു ആക്സിഡന്റ് സംഭവിച്ചിരുന്നു. അന്ന് പവർ ഓഫ് അറ്റോർണി ഇന്ത്യൻ എംബസി ലോയർക്ക് കൊടുക്കുകയും അത് തിരികെ വരികയും ചെയ്തിരുന്നു. എന്നാൽ പണം കിട്ടുമെന്ന് പറഞ്ഞെങ്കിലും 2018 വരെ എനിക്കത് കിട്ടിയില്ല. പിന്നീട് വിസിറ്റിന് ഞാൻ ഇവിടെ വന്ന സമയത്ത് എംബസിയുടെ പുതിയ ലോയർ വഴി എനിക്ക് ക്ലൈം പണം ലഭിക്കുകയും ചെയ്തു. എന്നാൽ അഡീഷനലായി മറ്റൊരു പണം കൂടെ ലഭിക്കുമെന്ന് വക്കീൽ പറഞ്ഞിരുന്നു. അത് പ്രകാരം നാട്ടിൽ നിന്ന് പുതിയ പവർ ഓഫ് അറ്റോർണി ഉണ്ടാക്കി അദ്ദേഹത്തിന് നൽകുകയും 2020ൽ 1000 ദീനാർ പാസാവുകയും ചെയ്തു. അതിന്റെ ജഡ്ജ്മെന്റിന്റെ കോപ്പി എംബസി വക്കീലിന്റെ അടുത്തുണ്ട്. നിലവിൽ അതിനെ കുറിച്ച് അന്വേഷിക്കുമ്പോൾ എനിക്ക് വ്യക്തമായ മറുപടി ലഭിക്കുന്നുമില്ല, ആ പണം ലഭിക്കാൻ ഇനി എന്താണ് ചെയ്യാൻ സാധിക്കുക.
വിനോദ് കൊല്ലം
എംബസി നിർദേശിച്ച അഭിഭാഷകൻ ആണെങ്കിൽ താങ്കൾ എംബസിക്ക് ഒരു പരാതി നൽകണം. പരാതിയിൽ എല്ലാ വിവരങ്ങളും പറയുകയും വേണം. തുടർന്ന് എംബസി വിവരം തിരക്കിട്ട് താങ്കൾക്ക് മറുപടി നൽകും. താങ്കളുടെ ജഡ്ജ്മെന്റ് പ്രകാരമുള്ള പൈസ ലഭിക്കാൻ ജഡ്ജ്മെന്റ് എക്സിക്യൂഷൻ കോടതിയിൽ ഫയൽ ചെയ്ത് എക്സിക്യൂഷൻ നടപടിക്രമങ്ങൾ തുടങ്ങണം. ഈ കാര്യം താങ്കളുടെ അഭിഭാഷകൻ ചെയ്തുകാണുമെന്ന് കരുതുന്നു. താങ്കളുടെ കേസിൽ കോടതി വിധിപ്രകാരമുള്ള പണം എത്രയും വേഗം ലഭിക്കുന്നതിന്, സ്ഥാപനത്തിന്റെ സാമ്പത്തിക ശേഷി ഒരു പ്രധാന ഘടകമാണ്. സ്ഥാപനത്തിന് നിലവിൽ സാമ്പത്തികഭദ്രതയുണ്ടെങ്കിൽ മാത്രമേ പണം ഉടൻ ലഭ്യമാകൂ. സ്ഥാപനം സാമ്പത്തികമായി പ്രയാസത്തിലാണെങ്കിൽ, പണം എന്ന് ലഭിക്കുമെന്ന് ഉറപ്പിച്ചുപറയാൻ പ്രയാസമാണ്. ലഭ്യത വൈകാനുള്ള സാധ്യതയുണ്ട്. ഈ വിവരങ്ങളെല്ലാം താങ്കൾ കണ്ടെത്തണം, താങ്കൾ എംബസിക്ക് നൽകുന്ന പരാതിയിൽ ഈ വിവരങ്ങൾ കൃത്യമായി ഉൾപ്പെടുത്തുകയും വേണം. കോടതിവിധിപ്രകാരമുള്ള പണം പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ എക്സിക്യൂഷൻ കോടതിക്ക് മാത്രമേ അധികാരമുള്ളൂ. എക്സിക്യൂഷൻ കോടതിയുടെ നടപടികൾ പോലും, പണം തരാനുള്ള സ്ഥാപനത്തിന്റെ നിലവിലെ ആസ്തികൾ, ബാധ്യതകൾ, സാമ്പത്തിക നില എന്നിവയെ ആശ്രയിച്ചിരിക്കും. ഇതിനെല്ലാം അഭിഭാഷകന്റെ സഹായം തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

