ഗോസിയിൽ വരുത്തിയ മാറ്റങ്ങൾ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?സോഷ്യൽ ഇൻഷുറൻസിൽ ചില മാറ്റങ്ങൾ വരുത്തിയെന്ന് അറിയുന്നു. അതിനെപറ്റി എന്തെങ്കിലും വിവരങ്ങൾ അറിയാമോ? ഇനി പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ആനുകൂല്യവും ഗോസിയിൽനിന്നാണ് ലഭിക്കുന്നത് എന്നറിയുന്നു. എന്താണ് വിശദാംശങ്ങൾ?
-ഒരു വായനക്കാരൻ
• ഈ മാസം മുതൽ എല്ലാ വിദേശ തൊഴിലാളികളുടെയും പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ആനുകൂല്യം അതായത് (ലീവിങ് ഇൻഡെമിനിറ്റി) മാസം തോറും തൊഴിലുടമ ഗോസിയിൽ അടക്കണം. ആദ്യത്തെ മൂന്നുവർഷത്തേക്ക് വർഷത്തിൽ 15 ദിവസത്തെ ശമ്പളവും അതിനുശേഷം ഓരോ മാസത്തെ ശമ്പളവുമാണ് ജോലിയിൽനിന്ന് പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്നത്. ഈ തുക തൊഴിലുടമ അതത് മാസത്തെ ഗോസിയുടെ വിഹിതത്തിന്റെ കൂടെ അടക്കണം. ഗോസി രേഖയിലുള്ള തീയതി പ്രകാരം തൊഴിലാളി എന്നുമുതലാണ് ജോലി തുടങ്ങിയത് എന്നതിന്റെ അടിസ്ഥാനത്തിൽ ഓരോ തൊഴിലാളിയുടെ വിഹിതവും കണക്കാക്കി തൊഴിലുടമക്ക് മാസംതോറും നൽകും. ഇതിന്റെ ഭാഗമായി എല്ലാ തൊഴിലുടമകളും ഗോസിയിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. അതിന്റെ കാലാവധി ഇപ്പോൾ മാർച്ച് അവസാനംവരെയാക്കി ഗോസി ഡാറ്റ അപ്ഡേറ്റ് ചെയ്യുമ്പോൾ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളുമെല്ലാം പ്രത്യേകമായി കാണിക്കണം. ഇതുവരെ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന മൊത്ത ശമ്പളം മാത്രമാണ് കാണിച്ചിരുന്നത്. ഇൻഡെമിനിറ്റി കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തിന്റെ (ബേസിക് വേജ്) അടിസ്ഥാനത്തിലാണ്. ഗോസിയുടെ വിഹിതം കൊടുക്കുന്നത് അല്ലെങ്കിൽ കണക്കാക്കുന്നത് മൊത്ത ശമ്പളത്തിന്റെ (ഗ്രോസ് വേജസ്) അടിസ്ഥാനത്തിലാണ്.
ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് ചില നിബന്ധനകൾ ഗോസി മുന്നോട്ടുവെച്ചിട്ടുണ്ട്. ശമ്പളത്തിന്റെ 40 ശതമാനം കൂടുതൽ വർധന പാടില്ല. അതുപോലെ അലവൻസ് അടിസ്ഥാന ശമ്പളത്തിൽ കൂടാൻ പാടില്ല. തൊഴിലുടമ ഗോസിയിൽ ഡാറ്റ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ നിലവിലുള്ള ഡാറ്റ പ്രകാരം ഇൻഡെമിനിറ്റി വിഹിതം കണക്കാക്കും. അതുപ്രകാരം ഓരോ മാസവും ഗോസിയുടെ അറിയിപ്പ് ലഭിക്കും. അതായത് മാസംതോറും കൊടുക്കാനുള്ള ഈ തുകയുടെ ഇൻവോയ്സ് അയക്കും. ഒരു തൊഴിലാളി ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ അല്ലെങ്കിൽ ഒരു ജോലിയിൽനിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ലീവിങ് ഇൻഡെമിനിറ്റി എങ്ങനെ ഗോസിയിൽനിന്ന് ലഭിക്കുമെന്നുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

