മൃദംഗത്തെ ഇഷ്ടപ്പെട്ട ഭാവഗായകൻ
text_fieldsചന്ദൻ ഷേണായി ജയചന്ദ്രനോടൊപ്പം (ഫയൽചിത്രം)
ബഹ്റൈൻ കേരളീയ സമാജത്തിൽ ഗാനാഞ്ജലിക്കു വന്നപ്പോഴാണ് പ്രശസ്ത ഗായകൻ ജയചന്ദ്രനെ അടുത്തു കാണാൻ സാധിച്ചത്. ആ കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നു. കാരണം, എന്റെ പിതാവ് രാജേന്ദ്ര ഷേണായിയും അദ്ദേഹവും ഒപ്പമിരിക്കുന്ന ഫോട്ടോ എന്റെ കൈവശമുണ്ടായിരുന്നു. അത് ജയേട്ടനെ കാണിക്കാൻ എനിക്ക് സാധിച്ചു. അദ്ദേഹത്തെ ബാല്യകാലസ്മരണയിലേക്കു നയിക്കുന്നതായിരുന്നു ആ ചിത്രം. ഭാവഗായകൻ ആലുവ സെന്റ് മേരീസ് ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ മൃദംഗം വായിക്കുന്ന ഫോട്ടോയായിരുന്നു അത്. ചിത്രം കണ്ടപാടെ ഗായകെന്റ കണ്ണു നിറഞ്ഞു.
തന്റെ കൈയിൽ ഈ ചിത്രമില്ലെന്നു പറഞ്ഞ അദ്ദേഹം, ചിത്രത്തിലെ ഓരോരുത്തരെയായി ഓർത്തു പറയാൻ ശ്രമിച്ചു. ഇത് വർഗീസ്. ഓ... ഇത് ദേവസി തബല വായിക്കുന്നു. പലരുടെയും പേര് ഓർക്കാനായില്ല. ഇവരിൽ ആരൊക്കെയിന്ന് ജീവിച്ചിരിപ്പുണ്ടാകും. എന്റെ പിതാവ് രാജേന്ദ്ര ഷേണായിയായിരുന്നു ഗ്രൂപ്പിലെ മുഖ്യ ഗായകൻ. എന്നാൽ, അദ്ദേഹം അടുത്തിടെ നിര്യാതനായി എന്നു കേട്ടപ്പോൾ ജയേട്ടൻ ദുഃഖിതനായി.
ഈ ചിത്രം ഞാനെടുത്തോട്ടെയെന്നു ഗായകൻ ചോദിച്ചപ്പോൾ ഞാൻ സന്തോഷപൂർവം സമ്മതിച്ചു. ചിത്രം നിധിപോലെ സൂക്ഷിക്കുമെന്നും ജയേട്ടൻ പറഞ്ഞു.പഴയകാലത്ത് ബുൾബുൾ ഒരു മുഖ്യ ഉപകരണമായിരുന്നുവെന്ന് ജയചന്ദ്രൻ പറഞ്ഞു. വാസ്തവത്തിൽ അന്ന് മൃദംഗം വായിച്ചപ്പോഴുണ്ടായിരുന്ന സന്തോഷം പറയാവതല്ല. ജയചന്ദ്രനെക്കുറിച്ച് പിതാവു പറയാറുള്ളത് ഞാൻ അനുസ്മരിച്ചു. മൃദംഗത്തിന്റെ വലുപ്പംപോലുമില്ലാത്ത കൊച്ചു കുട്ടി. സ്കൂളിലും എല്ലാവർക്കും ജയനെ വലിയ കാര്യമായിരുന്നു. എന്നാൽ ജയചന്ദ്രൻ അന്ന് പാട്ടിനോടല്ല താൽപര്യം കാണിച്ചിരുന്നത്.
മൃദംഗവായനക്കാരനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ജയചന്ദ്രന്റെ മിടുക്കു കണ്ടപ്പോൾ അധ്യാപകരും ആശംസിച്ചു, പ്രശസ്തനാകും എന്ന്. അദ്ദേഹം പ്രശസ്തനായിക്കഴിഞ്ഞപ്പോൾ നേരിട്ടു കാണാനാകാത്തതിന്റെ വിഷമം അച്ഛൻ പറയാറുണ്ടായിരുന്നുവെന്ന് ഞാൻ പറഞ്ഞു. അച്ഛൻ നല്ലൊരു ഗായകനായിരുന്നുവെങ്കിലും അർഹതക്കുള്ള അംഗീകാരം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ അവിസ്മരണീയ അനുഭവമായിരുന്നു അത്. എന്നെങ്കിലുമൊരിക്കൽ ഇഷ്ടഗായകനെ നേരിൽ കണ്ട് ഈ ചിത്രം സമർപ്പിക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ആ മോഹം അങ്ങനെ സഫലമായി. മഹാഗായകന് ആദരാഞ്ജലികൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

