വിദേശികൾക്ക് വർക്ക് പെർമിറ്റിന് മുമ്പ് സർട്ടിഫിക്കറ്റ് പരിശോധന; നിർദേശം പാർലമെന്റ് ചൊവ്വാഴ്ച ചർച്ച ചെയ്യും
text_fieldsമനാമ: ബഹ്റൈനിലേക്ക് ജോലിക്കായി വരുന്ന വിദേശതൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിന് മുമ്പായി വിദ്യാഭ്യാസ യോഗ്യതകൾ കർശനമായി പരിശോധിക്കണമെന്ന നിർദേശം വരുന്നു.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന ഔദ്യോഗിക സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കണമെന്നാണ് എം.പിമാർ ആവശ്യപ്പെടുന്നത്. ഈ നിർദേശം ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും.
എം.പി ജലാൽ കാസിം സമർപ്പിച്ച ഈ നിർദേശം സർവിസസ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. വ്യാജരേഖകൾ ഉപയോഗിച്ച് രാജ്യത്ത് ജോലി നേടുന്നത് തടയാനുള്ള മുൻകരുതൽ എന്ന നിലക്കും പൊതു-സ്വകാര്യ മേഖലകളിൽ എത്തുന്ന തൊഴിലാളികൾക്ക് നിശ്ചിത യോഗ്യതയുണ്ടെന്ന് പരിശോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. യോഗ്യതയുള്ള വിദേശികളെ മാത്രം നിയമിക്കുന്നത് സ്വദേശി ഉദ്യോഗാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന് ട്രേഡ് യൂനിയനുകളും വിശ്വസിക്കുന്നു.
എന്നാൽ ഡോക്ടർമാർ, എഞ്ചിനീയർമാർ തുടങ്ങിയ സ്പെഷലിസ്റ്റ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിലവിൽ തന്നെ പ്രഫഷനൽ ലൈസൻസിങ് ബോഡികൾ വഴി പരിശോധന നടക്കുന്നുണ്ടെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധിക്കുന്നത് തങ്ങളുടെ നിയമപരമായ പരിധിയിൽ വരുന്നതല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
നിലവിലുള്ള പരിശോധന സംവിധാനങ്ങൾ മതിയെന്നും പുതിയ മാറ്റം ബിസിനസ് നടപടികൾ സങ്കീർണമാക്കുമെന്നും ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സും വ്യക്തമാക്കി.
ജനറൽ ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂനിയൻസും 'അൽ ഹുർ' യൂനിയനും ഈ നീക്കത്തെ പൂർണമായി പിന്തുണച്ചു.
വിദേശ തൊഴിലാളികളുടെ എണ്ണവും സെൻസിറ്റീവ് തസ്തികകളിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാനുള്ള സാധ്യതയും പരിഗണിച്ച് പൊതുതാൽപര്യാർഥം ഈ ഭേദഗതി അംഗീകരിക്കണമെന്നാണ് പാർലമെന്ററി കമ്മിറ്റിയുടെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

