കേന്ദ്ര ബജറ്റ് 2025 രൂപകൽപന ചെയ്തിരിക്കുന്നത് ഹ്രസ്വകാല ഉപഭോഗം വർധിപ്പിക്കുന്നതിന് -അദീബ് അഹമ്മദ്
text_fieldsഅദീബ് അഹമ്മദ് (ലുലു ഫിനാൻഷ്യൽ
ഹോൽഡിങ്സ് എം.ഡി)
മനാമ: കേന്ദ്ര ബജറ്റ് ഹ്രസ്വകാല ഉപഭോഗം വർധിപ്പിക്കുന്നതിനാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ലുലു ഫിനാൻഷ്യൽ ഹോൽഡിങ്സ് എം.ഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. മധ്യവർഗ ചെലവ് വർധിപ്പിക്കുന്നതിനുള്ള നേരിട്ടുള്ള നീക്കമെന്ന നിലയിൽ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി എടുത്തുകളയാനുള്ള തീരുമാനം കൂടുതൽ ഉപഭോഗം വർധിപ്പിക്കാൻ കാരണമാകും. പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ഇതിന്റെ ഫലം കൂടുതലുമാകും. ഇൻഷുറൻസ് മേഖലയിലെ എഫ്.ഡി.ഐ 74 ശതമാനത്തിൽനിന്ന് 100 ശതമാനമായി ഉയർത്തുന്നത് പ്രശംസനീയമാണ്.
ഇതു വിദേശ മൂലധനത്തെ ആകർഷിക്കുകയും ആ രംഗത്ത് കൂടുതൽ മത്സരം വർധിപ്പിക്കുകയും ചെയ്യും. അതുപോലെ, ആർ.ബി.ഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിനു കീഴിലുള്ള പണമയക്കാനുള്ള ടി.സി.എസ് ഇളവ് പരിധി ഏഴു ലക്ഷത്തിൽനിന്ന് 10 ലക്ഷമായി ഉയർത്താനുള്ള തീരുമാനം വിദേശത്തേക്ക് പണം അയക്കുന്ന വ്യക്തികൾക്ക്, പ്രത്യേകിച്ച് യാത്രക്കും നിക്ഷേപ ആവശ്യങ്ങൾക്കും ആശ്വാസംനൽകും. കൂടാതെ, വിദ്യാഭ്യാസ വായ്പയിലൂടെ ധനസഹായം നൽകുമ്പോൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണമടക്കുന്ന തുകയിൽനിന്ന് ടി.സി.എസ് നീക്കം ചെയ്യുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാർഥികളുടെ സാമ്പത്തികഭാരം ലഘൂകരിക്കുന്ന ഒരു നല്ല നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വളർച്ചയുടെ പ്രധാനപ്പെട്ട മേഖലയിലൊന്നായ എം.എസ്.എംകൾക്ക് ശക്തമായ ശ്രദ്ധ ലഭിക്കുന്നത് കാണുന്നത് പ്രോത്സാഹജനകമാണ്. ക്രെഡിറ്റ് ഗാരൻറി കവർ വർധിപ്പിക്കുക നിക്ഷേപത്തിന്റെയും വിറ്റുവരവിന്റെയും പരിധിയും വർധിപ്പിക്കുക, കയറ്റുമതി എം.എസ്.എം.ഇകൾക്കുള്ള വായ്പകൾ വർധിപ്പിക്കുക തുടങ്ങിയ നടപടികൾ ക്രെഡിറ്റ് വിടവ് നികത്താനും വിപുലീകരണത്തെ പിന്തുണക്കാനും സഹായിക്കും. എന്നിരുന്നാലും, സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങളെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പ്രഖ്യാപിച്ച യഥാർഥ നടപടികൾ ഇതിൽ പൂർണമായി പ്രതിഫലിപ്പിക്കുന്നില്ല. നവീകരിച്ച സെൻട്രൽ കെ.വൈ.സി രജിസ്ട്രി ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്. എന്നിരുന്നാലും, സാമ്പത്തിക മേഖലയുടെ ദൃഢതയും വളർച്ചയും വർധിപ്പിക്കുന്നതിന് കൂടുതൽ വ്യക്തമായ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
അതുപോലെ, ടൂറിസം രംഗം തൊഴിൽസൃഷ്ടിയുടെ പ്രധാന സാധ്യതയുള്ള മേഖലയാണ്. അവിടെയും കൂടുതൽ ശ്രദ്ധ അർഹിക്കുന്നു. ഇൻഫ്രാസ്ട്രക്ചർ പട്ടികയിലെ മികച്ച 50 ടൂറിസം കേന്ദ്രങ്ങളിൽ ഹോട്ടലുകളെ ഉൾപ്പെടുത്തുന്നത് ഒരു നല്ല ചുവടുവെപ്പാണെങ്കിലും, ഈ മേഖലക്ക് മൊത്തത്തിൽ ശക്തമായ നയപിന്തുണയും പ്രോത്സാഹനവും ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

