അശാന്തിയുടെ 40 നാളുകൾ കടന്ന് ബഹ്റൈൻ; ഇനി പ്രതീക്ഷയുടെ പുതിയ നാളുകൾ...
text_fieldsമനാമ: സംഘർഷഭരിതമായ നാളുകൾക്ക് ശേഷം ബഹ്‌റൈനിൽ സമാധാനത്തിന്റെ പുലരികൾ തെളിഞ്ഞുതുടങ്ങി. കഴിഞ്ഞ 40 ദിവസമായി നീണ്ടുനിന്ന ഇറാൻ ആക്രമണങ്ങൾക്ക് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ രാജ്യം ശാന്തതയിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണെങ്കിലും, ഏത് സാഹചര്യത്തെയും നേരിടാൻ പ്രതിരോധ സേന ഇപ്പോഴും അതീവ ജാഗ്രതയോടെ സജ്ജമായി നിലകൊള്ളുകയാണ്.
പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ഇടപെടലുകൾ രാജ്യത്തിന് കരുത്തായി മാറി. പരിക്കേറ്റവരെ സന്ദർശിച്ചും മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചും ജനങ്ങളോടൊപ്പം നിന്ന ഭരണാധികാരികൾ, ദുഷ്കരമായ സമയത്തും പൗരന്മാർക്കും താമസക്കാർക്കും ഒരുപോലെ ആത്മവിശ്വാസം പകർന്നു. വിപണികളിലെ അസ്ഥിരത മുന്നിൽക്കണ്ട് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഹൈപ്പർമാർക്കറ്റുകളിൽ നേരിട്ട് സന്ദർശനം നടത്താനും പ്രമുഖ വ്യവസായികളുമായി ചർച്ചകൾ നടത്താനും അവർ മുൻകൈ എടുത്തു. രാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു ഭീഷണിയെയും നേരിടാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ബഹ്‌റൈൻ സുസജ്ജമാണെന്നതിന്റെ നേർസാക്ഷ്യമായി കഴിഞ്ഞ ദിവസങ്ങൾ മാറുകയായിരുന്നു.
ആക്രമണങ്ങളും നാശനഷ്ടങ്ങളും
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനുനേരെ നടത്തിയ നീക്കങ്ങൾക്ക് തിരിച്ചടിയായാണ് ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചത്. ബഹ്‌റൈനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യം വെച്ചായിരുന്നു പിന്നീടുള്ള ആക്രമണങ്ങൾ.
ജുഫൈറിലെ അമേരിക്കൻ സൈനിക ആസ്ഥാനത്തിന് നേരെയുണ്ടായ ആദ്യ ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും തുടക്കത്തിൽ ആളപായങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, 40 ദിവസങ്ങൾക്കിടയിൽ മൂന്ന് മരണങ്ങളാണ് രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒരു സ്വദേശി വനിതയും രണ്ട് പ്രവാസികളുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആദ്യ മരണം സ്ഥിരീകരിച്ചത് മാർച്ച് രണ്ടിനാണ്. സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ മിസൈൽ പ്രതിരോധ സേന തകർത്തെങ്കിലും, അതിന്റെ അവശിഷ്ടങ്ങൾ പതിച്ച് ബംഗ്ലാദേശ് സ്വദേശിയായ അബുൾ മോഹ്‌സിൻ താരിഖ് എന്നയാൾ കൊല്ലപ്പെട്ടു. മാർച്ച് 10 ചൊവ്വാഴ്ച പുലർച്ചെ മനാമയിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് 29 കാരിയായ സ്വദേശി യുവതി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. മാർച്ച് 24ന് രാജ്യത്തെ ഒരു പ്രധാന കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിൽ യു.എ.ഇ സായുധ സേനയിലെ കരാർ ജീവനക്കാരനായ മൊറോക്കൻ പൗരനും ജീവൻ നഷ്ടമായി.
ലക്ഷ്യംവെച്ച പ്രധാന കേന്ദ്രങ്ങൾ
രാജ്യത്തിന്റെ സാമ്പത്തിക-ഊർജ മേഖലകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ അലുമിനിയം ബഹ്‌റൈൻ (അൽബ), ബാപ്‌കോ എനർജീസ്, മുഹറഖിലെ ഇന്ധന സംഭരണികൾ, ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി ) എന്നിവിടങ്ങളിൽ വിവിധ ദിവസങ്ങളിലായി ആക്രമണങ്ങൾ നടന്നു. സിത്രയിലെയും മനാമയിലെയും ജനവാസ മേഖലകളിൽ നടന്ന ആക്രമണങ്ങൾ നിരവധി സ്വദേശികൾക്കും കുട്ടികൾക്കും പരിക്കേൽക്കാനിടയായിരുന്നു. ബഹ്‌റൈൻ പ്രതിരോധ സേനയുടെ ജാഗ്രതയോടെയുള്ള ഇടപെടലുകളും ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളുമാണ് വലിയ തോതിലുള്ള ജീവഹാനി ഒഴിവാക്കാൻ സഹായിച്ചത്.
കാവലായി കരുത്തുറ്റ പ്രതിരോധം
ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ രാജ്യത്തിന്റെ സുരക്ഷാകവചമായി നിലകൊള്ളുന്നത് ബഹ്‌റൈൻ പ്രതിരോധ സേനയാണ്. സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ഹമദ് രാജാവ്, ബി.ഡി.എഫ് ചീഫ് കമാൻഡർ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ എന്നിവരുടെ നിർദ്ദേശങ്ങളും കൃത്യമായ ഇടപെടലുകളുമാണ് പ്രതിരോധ സംവിധാനങ്ങളെ കരുത്തുറ്റതാക്കിയത്. ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ 194 മിസൈലുകളും 515 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ തകർത്ത് ബി.ഡി.എഫ് സമാനതകളില്ലാത്ത പോരാട്ടവീര്യം കാഴ്ചവെച്ചു. ഈ ദൗത്യത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനങ്ങളുടെ പിന്തുണയും രാജ്യത്തിന് അധിക സുരക്ഷയൊരുക്കി.
സൈനിക വിഭാഗത്തോടൊപ്പം തന്നെ സിവിൽ ഡിഫൻസ്, ട്രാഫിക്, പോലീസ്, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് വിഭാഗങ്ങൾ എന്നിവരുടെ ഏകോപിത പ്രവർത്തനങ്ങൾ രാജ്യത്തിന് വലിയ പിന്തുണയായി. സംഘർഷ കാലയളവിൽ മാത്രം 1,13,328 അടിയന്തര കോളുകളാണ് കൺട്രോൾ റൂമുകളിൽ എത്തിയത്. സുരക്ഷ വിഭാഗങ്ങൾ ഇപ്പോഴും പൂർണ സജ്ജമാണെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സേനാംഗങ്ങൾ സന്നദ്ധരാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യം സമാധാനത്തിലേക്ക് മടങ്ങുമ്പോഴും അതീവ ജാഗ്രതയോടെയാണ് ഈ സുരക്ഷാ വിഭാഗങ്ങൾ നിലകൊള്ളുന്നത്.
യു.എന്നിൽ പ്രമേയങ്ങളുമായി ബഹ്റൈൻ
ആക്രമണം അപ്രതീക്ഷിതമായിരുന്നുവെങ്കിലും, ഈ വർഷം ഐക്യരാഷ്ട്രസഭയിൽ (യു.എൻ) ലഭിച്ച താൽക്കാലിക അംഗത്വം നയതന്ത്രതലത്തിൽ ബഹ്‌റൈന് വലിയ കരുത്തായി. ഇറാൻ്റെ ആക്രമണങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് ഒമ്പത് ഔദ്യോഗിക കത്തുകളാണ് ബഹ്‌റൈൻ യു.എൻ സെക്യൂരിറ്റി കൗൺസിലിനും ജനറൽ സെക്രട്ടറിക്കും സമർപ്പിച്ചത്. ഇറാൻ്റെ നടപടികൾക്കെതിരെ അടിയന്തര രാജ്യാന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഈ കത്തുകൾ.
മാർച്ച് 11ന് ബഹ്‌റൈൻ സമർപ്പിച്ച പ്രമേയം പ്രമേയം 2817 സെക്യൂരിറ്റി കൗൺസിൽ ഐകകണ്ഠ്യേന പാസാക്കിയിരുന്നു. യു.എൻ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം, രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബഹ്‌റൈന് സ്വയം അവകാശമുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള ഈ പ്രമേയത്തിന് 106 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. രാജ്യത്തിൻ്റെ പരമാധികാരവും ജനങ്ങളുടെ ജീവനും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ബഹ്‌റൈൻ യു.എന്നിനെ അറിയിച്ചു. എന്നാൽ ഇറാൻ പിന്നീട് ഈ പ്രമേയം തള്ളിക്കളയുകയായിരുന്നു. തുടർന്ന് ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ബഹ്റൈൻ മുന്നോട്ട് വെച്ച കരട് പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തതിനെ തുടർന്ന് യു.എൻ സുരക്ഷാസമിതി തള്ളിയിരുന്നു. ഇതിൽ ബഹ്റൈൻ കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്കായി ബഹ്റൈൻ അവതരിപ്പിച്ച പ്രമേയമാണ് സുരക്ഷാസമിതിയിൽ പരാജയപ്പെട്ടത്.
പ്രതീക്ഷയോടെ പ്രവാസികളും
ഒരു മാസത്തോളം അടഞ്ഞുകിടന്ന വ്യോമപാതയും വിമാനത്താവളവും വീണ്ടും പ്രവർത്തിച്ചു തുടങ്ങിയത് രാജ്യത്തിന് വലിയ ആശ്വാസമായിട്ടുണ്ട്. വിമാന സർവീസുകൾ പുനരാരംഭിച്ചതും സമാധാന ചർച്ചകൾ പുരോഗമിക്കുന്നതും ശുഭസൂചനകളാണ്.
ആക്രമണം ആരംഭിച്ചത് മുതൽ ബിസിനസ് രംഗത്ത് പ്രവാസികൾക്കടക്കം നേരിയ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. ശമ്പളം വെട്ടിച്ചുരുക്കലും നിർബന്ധിത അവധി പ്രഖ്യാപിക്കലും, പിരിച്ചുവിടലും വരെ സ്വീകരിക്കേണ്ട സാഹചര്യവും ചിലയിടത്തുണ്ട്. രാജ്യം എത്രയും വേഗം പൂർണ സമാധാനത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളടക്കമുള്ള ഓരോ മനുഷ്യരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

