പ്രവാസി വിദ്യാർഥികൾക്ക് ആപാർ വേണ്ടെന്ന് സി.ബി.എസ്.ഇ
text_fieldsസി.ബി.എസ്.ഇ പുറത്തിറക്കിയ സർക്കുലർ
മനാമ: വിദേശരാജ്യങ്ങളില്‍നിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ രജിസ്ട്രേഷന് ആപാർ ഐഡി ആവശ്യമില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. ബുധനാഴ്ച ഇത് സംബന്ധിച്ച സർക്കുലർ ഇന്ത്യയിലെ സെന്‍ട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
വിദേശരാജ്യങ്ങളിലെ സ്കൂളുകള്‍ക്ക് ഇതുസംബന്ധിച്ച സർക്കുലർ അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് സി.ബി.എസ്.ഇ പ്ലസ് ടു ബോർഡ് പരീക്ഷയുടെ എല്‍.ഒ.സി (ലിസ്റ്റ് ഓഫ് കാന്‍ഡഡേറ്റ്സ്) രജിസ്ട്രേഷന് ആരംഭിക്കുന്നത്. അതത് രാജ്യങ്ങളിലെ നിയമങ്ങൾ മുന്‍നിർത്തി വിദേശത്തുള്ള സി.ബി.എസ്.ഇ സ്കൂളുകളെ ആപാർ ഐഡി രജിസ്ട്രേഷനില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കുലറില്‍ സി.ബി.എസ്.ഇ വ്യക്തമാക്കി.
ഇന്ത്യയിലെ സ്കൂളുകളിലെ വിദ്യാർഥികള്‍ക്ക് ഏകീകൃത പ്രാഥമിക തിരിച്ചറിയില്‍ രേഖയായി ആപാർ ഐഡി നടപ്പാക്കുന്നത് സംബന്ധിച്ച് ജനുവരി 24 നാണ് സി.ബി.എസ്.ഇ സർക്കുലർ ഇറക്കിയത്. ആധാർ കാർഡ് ഉപയോഗിച്ച് മാത്രമേ ആപാറിൽ രജിസ്റ്റർ ചെയ്യാനാവൂ. എന്നാൽ, പ്രവാസികളായ ഭൂരിഭാഗം വിദ്യാർഥികൾക്കും ആധാർ കാർഡില്ല. കൂടാതെ സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദേശികളായ വിദ്യാർഥികളും ഏറെയാണ്. ഈ സാഹചര്യത്തിൽ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് ആപാർ നമ്പർ ബാധകമാവുമോയെന്ന ആശങ്ക വിദ്യാർഥികളും മാതാപിതാക്കളും പങ്കുവെച്ചിരുന്നു.
അവസാനനിമിഷത്തെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ യു.എ.ഇയിലെ സ്കൂളുകള്‍ ആധാറില്ലാത്തവർ എടുത്തുവെക്കണമെന്ന നിർദേശം വിദ്യാർഥികള്‍ക്ക് നല്‍കുകയും ചെയ്തതോടെ മാതാപിതാക്കള്‍ ആശങ്കയിലായി. ബഹ്റൈനിൽ ഉൾപ്പെടെ ആധാർ എടുക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ അതിനായി മാത്രം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നതാണ് ആശങ്കക്കിടയാക്കിയത്. ഇത് വലിയ വാർത്തയായ സാഹചര്യത്തിലാണ് സി.ബി.എസ്.ഇ ബോർഡ് വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. ബോർഡിന്റെ തീരുമാനം പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായി. സെപ്റ്റംബർ 30 വരെയാണ് എല്‍.ഒ.സി രജിസ്ട്രേഷന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

