Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ അനിശ്ചിതത്വം: ആശങ്കയിൽ വിദ്യാർഥികളും രക്ഷിതാക്കളും

text_fields
bookmark_border
പരീക്ഷക്ക് പകരം മറ്റ് മാർഗങ്ങൾ സ്വീകരിക്കണമെന്നും ആവശ്യം, ഏപ്രിൽ പകുതിയോടെ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളിൽ പ്രവേശന പരീക്ഷകൾ ആരംഭിക്കും
ഗൾഫിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ അനിശ്ചിതത്വം: ആശങ്കയിൽ വിദ്യാർഥികളും രക്ഷിതാക്കളും
cancel

മനാമ: മധ്യേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെത്തുടർന്ന് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നീണ്ടുപോകുന്നത് ഗൾഫ് രാജ്യങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികളെ കടുത്ത ആശങ്കയിലാക്കുന്നു. ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പരീക്ഷ മാറ്റിവെച്ചത് വിദ്യാർഥികളുടെ തുടർപഠനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കൾ.

ഏപ്രിൽ പകുതിയോടെ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളിൽ പ്രവേശന പരീക്ഷകൾ ആരംഭിക്കും. ബോർഡ് പരീക്ഷകൾ വൈകുന്നത് ഫലപ്രഖ്യാപനത്തെയും ബാധിക്കുമെന്നും ഇത് ഉന്നത പഠനത്തിനുള്ള അപേക്ഷ നടപടികളെ താളംതെറ്റിക്കുമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

പരീക്ഷകൾ മാറ്റിവെച്ചതോടെ പഠനത്തിന്‍റെ തുടർച്ച നഷ്ടപ്പെട്ടതായി വിദ്യാർഥികൾ പരാതിപ്പെടുന്നു. പുതിയ ടൈംടേബിൾ വരുമ്പോൾ വിഷയങ്ങൾക്കിടയിൽ ആവശ്യത്തിന് ഒഴിവുദിനങ്ങൾ ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. മേഖലയിലെ സൈനിക നീക്കങ്ങളും സൈറണുകളും കുട്ടികളുടെ ഉറക്കത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നതായി മെഡിക്കൽ അധികൃതരും പറയുന്നു. അനിശ്ചിതത്വം കുട്ടികളിൽ കടുത്ത ഉത്കണ്ഠയ്ക്കും പഠനത്തോടുള്ള മടുപ്പിനും കാരണമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഗൾഫ് മേഖലയിലെ പരീക്ഷകൾ റദ്ദാക്കി പകരം ഇന്‍റേണൽ അസസ്‌മെന്‍റ് വഴിയോ മറ്റ് മാനദണ്ഡങ്ങൾ വഴിയോ മാർക്ക് നൽകുകയോ, അല്ലെങ്കിൽ താൽപര്യമുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിൽ പോയി പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. പത്താം ക്ലാസ് പരീക്ഷകൾ നിലവിൽ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാർച്ച് 9 മുതൽ 16 വരെ നിശ്ചയിച്ചിരുന്നവ മാത്രമാണ് ഇപ്പോൾ നീട്ടിവെച്ചിരിക്കുന്നത്.

പരീക്ഷ സമ്മർദം കുറയ്ക്കാൻ ചില നിർദേശങ്ങൾ

വിദ്യാർഥികൾ ചെയ്യേണ്ടത്

  • പഠനത്തിൽ കൃത്യമായ ദിനചര്യ പാലിക്കുക.
  • ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക.
  • കൃത്യസമയത്ത് ഉറങ്ങുകയും മാനസികാരോഗ്യം ശ്രദ്ധിക്കുകയും ചെയ്യുക.
  • സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകളിൽ നിന്ന് വിട്ടുനിൽക്കുക.

രക്ഷിതാക്കൾ ശ്രദ്ധിക്കാൻ

  • വീട്ടിൽ ശാന്തമായ അന്തരീക്ഷം ഉറപ്പാക്കുക.
  • കുട്ടികൾക്ക് വൈകാരിക പിന്തുണ നൽകുക.
  • നിങ്ങളുടെ പരിഭ്രാന്തി കുട്ടികൾക്ക് മുന്നിൽ പ്രകടിപ്പിക്കാതിരിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CBSE Class 12th exam uncertainty in Gulf: Students and parents worried
Next Story