കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കണം -പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനം
മനാമ: ഇന്ത്യാ മഹാരാജ്യത്തെ മുഴുവൻ സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക തൊഴിൽ വിദ്യാഭ്യാസ അധികാര മേഖലകളിലെ പ്രാതിനിധ്യത്തെക്കുറിച്ച് മനസ്സിലാക്കാനും രാജ്യത്തെ പൊതുവിഭവങ്ങളുടെ വിതരണം ശരിയായരീതിയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനും രാജ്യത്ത് ജാതി സെൻസസ് നടത്തുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്ന് പ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
സമ്പൂർണ ജാതി സെൻസസിലൂടെ മാത്രമേ സംവരണ നയങ്ങൾക്ക് കൃത്യമായ അടിത്തറയും പദ്ധതിയും രൂപവത്കരിക്കാൻ സർക്കാറുകൾക്ക് സാധിക്കൂ.കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സർവിസിനെക്കാൾ വലിപ്പമുള്ളതാണ് എയ്ഡഡ് മേഖല. നിലവിൽ മാനേജ്മെന്റുകൾ വലിയ തുക കോഴ വാങ്ങി നിയമനം നടത്തുകയും ശമ്പളം സർക്കാർ നൽകുകയും ചെയ്യുന്ന രീതിയാണ് തുടർന്നുവരുന്നത്. സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമാണ് ഇത്തരം മേഖലയിൽ നിയമനം ലഭിക്കുന്നത്.
നിലവിൽ പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക് ഒരു ശതമാനം പോലും പ്രാതിനിധ്യം ഈ മേഖലയിലില്ല. 1958 ലെ സുപ്രീംകോടതി വിധിയിൽ മാനേജ്മെന്റ് വിദ്യാലയങ്ങളിലെ നിയമനങ്ങൾ പി.എസ്.സി വഴിയാക്കുന്നതിന് നിയമതടസ്സമില്ലെന്ന് വിധിയുണ്ടായിട്ടും പിന്നീട് ഭരിച്ച ഇടത് - വലത് സർക്കാറുകൾ ജാതി മേധാവിത്വ ശക്തികൾക്ക് വഴങ്ങുകയാണ് ചെയ്തത്.
കേന്ദ്ര - സംസ്ഥാന സർവിസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജാതി തിരിച്ച പട്ടിക സർക്കാർ പ്രസിദ്ധീകരിക്കണം. ഒരു പഠനവും നടത്താതെ അതിവേഗത്തിൽ ഇന്ത്യയിൽ ആദ്യമായി സാമ്പത്തിക സംവരണം നടപ്പിലാക്കിയ ഇടതു സർക്കാർ ജാതി സെൻസസിനോട് പുറംതിരിഞ്ഞ് നിൽക്കരുത്. രാജ്യത്തെ വിദ്യാഭ്യാസ അധികാര സാമൂഹിക രംഗങ്ങളിൽ രാജ്യത്തെ മുഴുവൻ വിഭാഗങ്ങളുടെയും പ്രാതിനിധ്യമാണ് നീതി. അതിനെ അട്ടിമറിക്കുന്ന ഏത് നീക്കവും പ്രതിഷേധാർഹമാണെന്ന് മുഹമ്മദലി മലപ്പുറം അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി. പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡന്റ് അബ്ദുല്ല കുറ്റിയാടി അധ്യക്ഷതവഹിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്തു.
നമ്മുടെ രാഷ്ട്രീയ സാമൂഹിക ചരിത്ര സമീപനം എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലിയും ക്ഷേമരാഷ്ട്രം എന്ന വിഷയത്തിൽ ഷിജിന ആഷിഖും സംസാരിച്ചു. പ്രവാസി വെൽഫെയർ മനാമ സോണൽ സെക്രട്ടറി റാഷിദ് കോട്ടക്കൽ സംഘടനാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ നേതൃത്വം നൽകി. ജാഫർ പി. സ്വാഗതവും അനസ് കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

