കസിനോ പാർക്കിന്റെ നവീകരണം 60 ശതമാനം പൂർത്തിയായി
text_fieldsകസിനോ പാർക്കിന്റെ നവീകരണം മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ അൽ മുബാറക് സന്ദർശിക്കുന്നു
മനാമ: മുഹറഖിലെ ചരിത്രപ്രസിദ്ധമായ കസിനോ പാർക്കിന്റെ നവീകരണപ്രവർത്തനങ്ങൾ 60 ശതമാനം പൂർത്തിയായി. 2026ന്റെ ആദ്യ പകുതിയോടെ പാർക്ക് പൂർണമായും ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മുനിസിപ്പാലിറ്റികാര്യ, കൃഷിമന്ത്രി വഈൽ അൽ മുബാറക് അറിയിച്ചു.
കഴിഞ്ഞ ദിവസം പാർക്കിൽ നേരിട്ടെത്തി പുരോഗതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈനിലെ ഏറ്റവും പഴയ പൊതു പാർക്കുകളിലൊന്നായ കാസിനോ പാർക്കിനെ അത്യാധുനിക സൗകര്യങ്ങളോടെ വീണ്ടെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
23,158 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ മൾട്ടി പർപ്പസ് സ്പോർട്സ് കോർട്ട്, വ്യായാമത്തിനായുള്ള വാം-അപ്പ് സോൺ, നവീകരിച്ച വാക്കിങ് ട്രാക്കുകൾ, റബർ ഫ്ലോറിങ്ങോടുകൂടിയ സുരക്ഷിതമായ ആധുനിക കളിസ്ഥലങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പാർക്കിലെ ഉപകരണങ്ങൾ നശിപ്പിക്കപ്പെടുന്നത് തടയാൻ അത്യാധുനിക സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. പാർക്കിൽ നിലവിലുള്ള 536 മരങ്ങൾക്ക് പുറമെ 479 തണൽ മരങ്ങൾ കൂടി വെച്ചുപിടിപ്പിക്കും.
11,451 ചതുരശ്ര മീറ്റർ സ്ഥലത്ത് പച്ചപ്പ് വർധിപ്പിക്കും. അത്യാധുനിക ഓട്ടോമാറ്റിക് ഇറിഗേഷൻ സംവിധാനവും 20,000 ക്യുബിക് മീറ്റർ ശേഷിയുള്ള വാട്ടർ ടാങ്കും നിർമിക്കുന്നുണ്ട്.
1960കളുടെ അവസാനത്തിൽ സ്ഥാപിതമായ ഈ പാർക്ക്, തുടക്കത്തിൽ ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ വിനോദകേന്ദ്രമായിരുന്നു. പിന്നീട് ജനങ്ങളുടെ പ്രിയപ്പെട്ട പൊതു ഇടമായി മാറി. മുഹറഖിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പാർക്ക് നവീകരിക്കുന്നതിലൂടെ പ്രദേശവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സന്ദർശന വേളയിൽ മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അഹമ്മദ് അൽ നാർ, എം.പി ഹമദ് അൽ ദോയ് തുടങ്ങിയ പ്രമുഖരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

